വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരള – അസം മത്സരം സമനിലയിൽ, കേരള ക്യാപ്റ്റൻ വിശാൽ ജോർജിന് സെഞ്ച്വറി

Newsroom

Cricket

കട്ടക്ക് : 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളവും അസമും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 299 റൺസിൽ അവസാനിച്ചതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. അസം 47 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. ആദ്യ ഇന്നിങ്സിൽ അസം 346 റൺസായിരുന്നു നേടിയത്. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ വിശാൽ ജോ‍ർജിൻ്റെ പ്രകടനമാണ് കേരളത്തെ സംബന്ധിച്ച് അവസാന ദിവസം ശ്രദ്ധേയമായത്.

വിക്കറ്റ് പോകാതെ 137 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് വേണ്ടി ഓപ്പണർമാരായ ക്യാപ്റ്റൻ വിശാൽ ജോർജും ദേവർഷും ചേർന്ന് 22 റൺസ് കൂടി കൂട്ടിച്ചേർത്തു. 76 റൺസെടുത്ത ദേവർഷിനെ പുറത്താക്കി അസം ക്യാപ്റ്റൻ അമൻ യാദവാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. മറുവശത്ത് ബാറ്റിങ് തുടർന്ന വിശാൽ സെഞ്ച്വറി പൂർത്തിയാക്കി. ഒൻപത് ബൗണ്ടറികളടക്കം 115 റൺസ് നേടിയാണ് വിശാൽ മടങ്ങിയത്.

തുടർന്നെത്തിയ ബാറ്റ‍ർമാർക്ക് മികച്ച ഇന്നിങ്സുകൾ കാഴ്ച വയ്ക്കാൻ കഴിയാതെ വന്നതോടെയാണ് കേരളത്തിന് ലീഡ് വഴങ്ങേണ്ടി വന്നത്. 26 റൺസെടുത്ത ജൊഹാൻ ജിക്കുപാലും 39 റൺസെടുത്ത എസ് വി ആദിത്യനും മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. കേരളത്തിൻ്റെ ഇന്നിങ്സ് 299 റൺസിൽ അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദി​ഗ്ബിജയ് ഛേത്രിയാണ് അസം ബൗളിങ് നിരയിൽ തിളങ്ങിയത്. സമീർ മഹാതോ രണ്ട് വിക്കറ്റ് വീഴ്ത്തി.