ഇന്ത്യൻ മധ്യനിര താരം ശ്രേയസ് അയ്യർ പരിക്കിൽ നിന്ന് മുക്തനായി ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിന്റെ സൂചനകൾ നൽകി ബുധനാഴ്ച മുംബൈയിൽ ആദ്യഘട്ട ബാറ്റിംഗ് പരിശീലനം പൂർത്തിയാക്കി. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ വാരിയെല്ലിനേറ്റ ഗുരുതരമായ പരിക്കിനെത്തുടർന്ന് മാസങ്ങളോളം ക്രിക്കറ്റ് മൈതാനത്തിന് പുറത്തായിരുന്നു താരം.

മുംബൈയിലെ പരിശീലനത്തിന് ശേഷം, പുനരധിവാസത്തിന്റെ (Rehab) അടുത്ത ഘട്ടങ്ങൾക്കായി അയ്യർ ഇന്ന് ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് തിരിച്ചു. അടുത്ത നാല് മുതൽ ആറ് ദിവസം വരെ അദ്ദേഹം അവിടെ വിദഗ്ധരുടെ നിരീക്ഷണത്തിൽ പരിശീലനം തുടരും.
നിലവിൽ പുരോഗമിക്കുന്ന വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ട് മത്സരങ്ങളിൽ മുംബൈയ്ക്കായി കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശ്രേയസ് അയ്യർ. മുംബൈയുടെ സ്ക്വാഡിൽ അദ്ദേഹത്തെ നേരത്തെ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ അദ്ദേഹം ഇടംപിടിക്കുമോ എന്നത് ഇപ്പോഴും ഉറപ്പായിട്ടില്ലെങ്കിലും, പരിശീലനം പുനരാരംഭിച്ചത് ശുഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത്. വരാനിരിക്കുന്ന പ്രധാന ടൂർണമെന്റുകൾക്ക് മുൻപ് അയ്യർ പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുന്നത് ഇന്ത്യൻ ടീമിന് വലിയ കരുത്താകും.









