ബുധനാഴ്ച നടന്ന എസിഎൽ 2 (ACL2) ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇസ്തിക്ലോളിനെതിരെ ഇറങ്ങിയ എഫ്സി ഗോവ താരങ്ങൾ ഇന്ത്യൻ ഫുട്ബോൾ നേരിടുന്ന പ്രതിസന്ധികളിലേക്ക് ശ്രദ്ധ ക്ഷണിക്കാൻ പ്രതീകാത്മകമായ പ്രതിഷേധം നടത്തി. മത്സരത്തിന്റെ തുടക്കത്തിൽ ഏതാനും നിമിഷങ്ങൾ കളിയിൽ സജീവമായി പങ്കെടുക്കാതെ നിശ്ചലമായി നിന്നുകൊണ്ടാണ് താരങ്ങൾ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 സീസൺ ആരംഭിക്കുന്നതിലെ അനിശ്ചിതത്വം, ക്ലബ്ബുകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയിലേക്കാണ് ഈ നീക്കം വിരൽ ചൂണ്ടുന്നത്.
ഇന്ത്യൻ ഫുട്ബോൾ രംഗം നേരിടുന്ന ഭരണപരമായ തടസ്സങ്ങളും സാമ്പത്തിക പ്രതിസന്ധിയും കളിക്കാരുടെയും പരിശീലകരുടെയും കരിയറിനെ ബാധിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രതിഷേധം നടന്നത്.
മുംബൈ സിറ്റി എഫ്‌സിയിൽ നിന്ന് സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ പിന്മാറ്റം ഉൾപ്പെടെയുള്ള വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഏഷ്യൻ ഫുട്ബോൾ വേദിയിൽ ഗോവ താരങ്ങളുടെ ഈ നീക്കം.









