ടീം ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ്, യുവതാരം കോബി മൈനു എന്നിവർ ന്യൂകാസിലിന് എതിരായ മത്സരത്തിൽ കളിക്കില്ലെന്ന് പരിശീലകൻ റൂബൻ അമോറിം സ്ഥിരീകരിച്ചു. ആസ്റ്റൺ വില്ലയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഹാംസ്ട്രിങ്ങിന് പരിക്കേറ്റ ബ്രൂണോയ്ക്ക് കുറഞ്ഞത് ഒരു മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

മൈനുവിന്റെ പരിക്കിന്റെ തീവ്രത അല്പം കുറവാണെങ്കിലും ന്യൂകാസിലിനെതിരെ കളിക്കാനുള്ള ശാരീരികക്ഷമത താരം വീണ്ടെടുത്തിട്ടില്ല. പ്രതിരോധ നിരയിൽ മത്യാസ് ഡി ലിറ്റും ഹാരി മഗ്വയറും പരിക്കിന്റെ പിടിയിൽ തുടരുന്നത് അമോറിമിന് വലിയ തലവേദനയാണ് നൽകുന്നത്.
നായകൻ ബ്രൂണോ ഫെർണാണ്ടസിനെ ടീമിൽ പകരം വെക്കുക അസാധ്യമാണെന്ന് അമോറിം പറഞ്ഞു. ടീമിന്റെ ക്രിയേറ്റീവ് കരുത്തായ ബ്രൂണോയുടെ അഭാവത്തിൽ മറ്റുള്ളവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സസ്പെൻഷൻ കഴിഞ്ഞ് കാസെമിറോ ടീമിൽ തിരിച്ചെത്തുന്നത് മധ്യനിരയിൽ അല്പം ആശ്വാസം നൽകുന്നുണ്ട്. ബ്രൂണോയ്ക്ക് പകരക്കാരനായി മേസൺ മൗണ്ട് എത്താനാണ് സാധ്യത കൂടുതൽ. അതല്ലെങ്കിൽ ലിസാൻഡ്രോ മാർട്ടീനസിനെ മിഡ്ഫീൽഡിലേക്ക് ഉയർത്തി പരീക്ഷിക്കാനും അമോറിം ആലോചിക്കുന്നുണ്ട്.
ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിനായി പോയ അമദ് ദിയാലോ, ബ്രയാൻ എംബ്യൂമോ, നുസൈർ മസ്രൗയി എന്നിവരുടെ അഭാവവും യുണൈറ്റഡ് നേരിടുന്ന വലിയ വെല്ലുവിളിയാണ്. അക്കാദമി താരങ്ങളായ ജാക്ക് ഫ്ലെച്ചർ, ഷിയ ലാസി എന്നിവർക്ക് ഈ സാഹചര്യം ഒരു സുവർണ്ണാവസരമാണ് നൽകുന്നത്.









