രോഹിത് ശർമ്മയ്ക്ക് തകർപ്പൻ സെഞ്ചറി; സിക്കിമിനെതിരെ മുംബൈയ്ക്ക് അനായാസ ജയം

Newsroom

Resizedimage 2025 12 24 15 22 06 1


വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ സിക്കിമിനെതിരെ മുംബൈയ്ക്ക് എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 155 റൺസെടുത്ത രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് മുംബൈയെ അനായാസ വിജയത്തിലേക്ക് നയിച്ചത്.

1000390984

സിക്കിം ഉയർത്തിയ 237 റൺസ് വിജയലക്ഷ്യം വെറും 30.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നു. വെറും 94 പന്തിൽ നിന്ന് 18 ഫോറുകളും 9 സിക്സറുമടക്കമാണ് രോഹിത് 155 റൺസ് അടിച്ചുകൂട്ടിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ രോഹിത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ചറി കൂടിയാണിത്; വെറും 62 പന്തിലാണ് താരം മൂന്നക്കം കടന്നത്.

ഓപ്പണിംഗ് വിക്കറ്റിൽ അംഗ്രിഷ് രഘുവൻഷിയുമായി (38) ചേർന്ന് 141 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ രോഹിത്, സിക്കിം ബൗളർമാരെ നിലംപരിശാക്കി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സിക്കിം നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 236 റൺസാണ് നേടിയത്. 79 റൺസെടുത്ത ആശിഷ് താപ്പയാണ് സിക്കിമിന്റെ ടോപ്പ് സ്കോറർ.

മുംബൈയ്ക്കായി ഷാർദുൽ ടാക്കൂർ രണ്ട് വിക്കറ്റും തുഷാർ ദേശ്പാണ്ഡെ ഒരു വിക്കറ്റും വീഴ്ത്തി. രോഹിത് പുറത്തായ ശേഷം മുഷീർ ഖാനും (27) സർഫറാസ് ഖാനും (8) ചേർന്ന് മുംബൈയുടെ വിജയം പൂർത്തിയാക്കി.