ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതാവസ്ഥയെത്തുടർന്ന് മുംബൈ സിറ്റി എഫ്‌സിയിലെ തങ്ങളുടെ ഭൂരിഭാഗം ഓഹരികളും സിറ്റി ഫുട്ബോൾ ഗ്രൂപ്പ് (CFG) ഒഴിഞ്ഞു. ക്ലബ്ബിന്റെ പൂർണ്ണ ഉടമസ്ഥാവകാശം മുൻ സഹ-ഉടമകളായ ബോളിവുഡ് താരം റൺബീർ കപൂറിനും ബിസിനസുകാരൻ ബിമൽ പരേഖിനും തിരികെ നൽകിയതായാണ് khelnow റിപ്പോർട്ട് ചെയ്യുന്നു.

2019-ൽ ക്ലബ്ബിന്റെ 65 ശതമാനം ഓഹരികൾ ഏറ്റെടുത്ത സിഎഫ്‌ജിക്ക് കീഴിൽ മുംബൈ സിറ്റി ഐഎസ്എൽ കപ്പും ഷീൽഡും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. എന്നാൽ ഐഎസ്എൽ 2025-26 സീസൺ ആരംഭിക്കുന്നതിലെ അമിതമായ കാലതാമസം, എഐഎഫ്എഫിന്റെ സാമ്പത്തിക പ്രതിസന്ധി, ലീഗിന്റെ ഭരണപരമായ അനിശ്ചിതാവസ്ഥ എന്നിവയാണ് ആഗോള ഫുട്ബോൾ ഭീമന്മാരായ സിഎഫ്‌ജിയെ ഈ പിന്മാറ്റത്തിന് പ്രേരിപ്പിച്ചത്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ബാങ്ക് ബാലൻസ് വെറും 19.89 കോടി രൂപയായി ചുരുങ്ങിയതും കോടിക്കണക്കിന് രൂപയുടെ കടബാധ്യതയുമാണ് നിലവിൽ ഇന്ത്യൻ ഫുട്ബോൾ നേരിടുന്ന പ്രധാന വെല്ലുവിളി. മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിഎഫ്‌ജിയെപ്പോലൊരു വലിയ നിക്ഷേപകൻ പിന്മാറുന്നത് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയെക്കുറിച്ചും വിദേശ നിക്ഷേപങ്ങളെക്കുറിച്ചും വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്.









