റാഞ്ചിയിലെ ജെഎസ്സിഎ ഗ്രൗണ്ടിൽ നടന്ന വിജയ് ഹസാരെ ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിൽ അരുണാചൽ പ്രദേശിനെതിരെ റൺമല തീർത്ത് ബിഹാർ ചരിത്രം കുറിച്ചു. നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 574 റൺസെടുത്ത ബിഹാർ, ലിസ്റ്റ്-എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന ലോക റെക്കോർഡ് സ്വന്തമാക്കി.

2022-ൽ ഇതേ എതിരാളികൾക്കെതിരെ തമിഴ്നാട് കുറിച്ച 506/2 എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 84 പന്തിൽ 190 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ ഇന്നിംഗ്സിന് പുറമെ 56 പന്തിൽ 116 റൺസെടുത്ത ആയുഷ് ലോഹരുക്കയും 40 പന്തിൽ 128 റൺസ് വാരിക്കൂട്ടിയ ക്യാപ്റ്റൻ എസ്. ഗാനിയും ബിഹാർ നിരയിൽ സംഹാരരൂപം പൂണ്ടു.
320 സ്ട്രൈക്ക് റേറ്റിലായിരുന്നു ക്യാപ്റ്റൻ ഗാനിയുടെ ബാറ്റിംഗ് പ്രകടനം. 32 പന്തിൽ സെഞ്ച്വറി നേടി ഗനി ലിസ്റ്റ് എയിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടി. ഓവറിൽ ശരാശരി 11.48 റൺസ് എന്ന നിലയിലായിരുന്നു ബിഹാറിന്റെ കുതിപ്പ്. ഈ തകർപ്പൻ പ്രകടനം ബിഹാർ ക്രിക്കറ്റിന് വലിയൊരു നാഴികക്കല്ലാകുമ്പോഴും, അരുണാചൽ പ്രദേശ് പോലുള്ള ദുർബലമായ ബോളിംഗ് നിരകൾക്കെതിരെ ആഭ്യന്തര ക്രിക്കറ്റിൽ ഉണ്ടാകുന്ന ഇത്തരം വലിയ സ്കോറുകൾ ടൂർണമെന്റിലെ സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്.









