അണ്ടർ-19 ഏഷ്യാ കപ്പ് ഫൈനലിലെ നിരാശയ്ക്ക് തകർപ്പൻ ബാറ്റിംഗിലൂടെ മറുപടി നൽകി ബിഹാറിന്റെ യുവതാരം വൈഭവ് സൂര്യവൻശി. വിജയ് ഹസാരെ ട്രോഫി പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിൽ അരുണാചൽ പ്രദേശിനെതിരെ വെറും 84 പന്തിൽ നിന്ന് 190 റൺസാണ് 14-കാരനായ ഈ ഇടംകൈയ്യൻ ബാറ്റർ അടിച്ചുകൂട്ടിയത്. 16 ഫോറുകളും 15 സിക്സറുകളും അടങ്ങുന്നതായിരുന്നു ഈ വെടിക്കെട്ട് ഇന്നിംഗ്സ്. വെറും 36 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച സൂര്യവംശി, ലിസ്റ്റ്-എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഇന്ത്യക്കാരന്റെ രണ്ടാമത്തെ സെഞ്ച്വറി എന്ന റെക്കോർഡിനും അർഹനായി. പഞ്ചാബ് താരം അൻമോൽപ്രീത് സിംഗ് (35 പന്ത്) മാത്രമാണ് ഇന്ത്യക്കാരിൽ സൂര്യവംശിയേക്കാൾ വേഗത്തിൽ ലിസ്റ്റ്-എ സെഞ്ച്വറി നേടിയിട്ടുള്ളത്.

54 പന്തിൽ നിന്ന് 150 റൺസ് കടന്ന താരം എബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡും (64 പന്ത്) മറികടന്നു. വൈഭവിന്റെ ബാറ്റിംഗ് കരുത്തിൽ 28.3 ഓവറിൽ ബിഹാർ 269 റൺസെടുത്തു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ ഈ കൗമാരതാരത്തിന്റെ അവിശ്വസനീയമായ പ്രകടനം ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വലിയ വാഗ്ദാനമെന്ന നിലയിലുള്ള താരത്തിന്റെ സ്ഥാനം ഒരിക്കൽ കൂടി ഉറപ്പിക്കുന്നതാണ്. ഏഷ്യാ കപ്പ് ഫൈനലിലെ നിരാശയാർന്ന പ്രകടനത്തിന് ഏറെ വിമർശനം നേരിട്ടതിനു പിന്നാലെയാണ് ഈ പ്രകടനം.









