ജപ്പാൻ്റെ സൂപ്പർ താരം തക്കുമി മിനാമിനോയ്ക്ക് പരിക്കേറ്റത് 2026 ലോകകപ്പിനൊരുങ്ങുന്ന ജപ്പാൻ ടീമിന് വലിയ ആശങ്കയായി. ഫ്രഞ്ച് കപ്പിൽ ഓക്സെറെക്കെതിരായ എഎസ് മൊണാക്കോയുടെ മത്സരത്തിനിടെ താരത്തിന്റെ ഇടതുകാലിലെ ലിഗമെന്റിനാണ് (ACL) ഗുരുതരമായി പരിക്കേറ്റത്.
പരിശോധനകൾക്ക് ശേഷം താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും ആറ് മുതൽ ഒമ്പത് മാസം വരെ വിശ്രമം വേണ്ടിവരുമെന്നും ക്ലബ്ബ് അധികൃതർ അറിയിച്ചു. ഇതോടെ ജൂൺ 14-ന് നെതർലൻഡ്സിനെതിരെയുള്ള ജപ്പാൻ്റെ ലോകകപ്പിലെ ആദ്യ മത്സരത്തിൽ 30-കാരനായ മിനാമിനോ കളിക്കാനുള്ള സാധ്യത മങ്ങി.
ജപ്പാനായി 73 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ നേടിയിട്ടുള്ള മിനാമിനോ ടീമിൻ്റെ അക്രമണ നിരയിലെ പ്രധാന കരുത്തനാണ്. ലോകകപ്പിൽ നെതർലൻഡ്സ്, ടുണീഷ്യ തുടങ്ങിയ കരുത്തർ ഉൾപ്പെട്ട ഗ്രൂപ്പിലുള്ള ജപ്പാന് മിനാമിനോയുടെ അഭാവം നികത്തുക പ്രയാസകരമാകും. ഫ്രഞ്ച് ലീഗിലും ചാമ്പ്യൻസ് ലീഗിലും റയൽ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ ടീമുകളെ നേരിടാനൊരുങ്ങുന്ന മൊണാക്കോയ്ക്കും ഇത് വലിയ തിരിച്ചടിയാണ്. ഫ്രാൻസിൽ തന്റെ കരിയർ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ ഈ പരിക്ക് മിനാമിനോയ്ക്കും ജപ്പാൻ ഫുട്ബോളിനും കനത്ത ആഘാതമാണ്.









