ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 പരമ്പര: കാര്യവട്ടത്തെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

Newsroom

1000388315

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. കായിക പ്രേമികൾക്ക് ആകാംക്ഷയേകി, കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ക്രമീകരിച്ചിരിക്കുന്നത്. വനിതകള്‍ക്കും വിദ്യാർത്ഥികൾക്കും 125 രൂപയും, ജനറല്‍ ടിക്കറ്റിന് 250 രൂപയും
ഹോസ്പ്പിറ്റാലിറ്റി സീറ്റുകൾക്ക് 3000 രൂപയുമാണ് നിരക്കുകൾ.

Resizedimage 2025 12 21 22 09 14 1

മത്സരത്തിന്റെ ടിക്കറ്റ് ബുക്കിങ്ങിനെക്കുറിച്ചറിയാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാനും കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ വെബ്‌സൈറ്റും സാമൂഹിക മാധ്യമ പേജുകളും സന്ദര്‍ശിക്കുക.
സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള കുറഞ്ഞ നിരക്കുകൾ, വനിതാ ക്രിക്കറ്റിന് കൂടുതൽ പ്രോത്സാഹനം നൽകുന്നതിന്‍റെ ഭാഗമായാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയുടെയും ശ്രീലങ്കയുടെയും കരുത്തരായ വനിതാ ടീമുകൾ ഏറ്റുമുട്ടുന്ന ആവേശകരമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ വലിയൊരു ജനക്കൂട്ടത്തെയാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം പ്രതീക്ഷിക്കുന്നത്.

ഡിസംബർ 26, 28, 30 തീയതികളിലായാണ് മത്സരങ്ങൾ നടക്കുക. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ നിർണായകമായ മൂന്നു മത്സരങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ​ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ നിറവിൽ ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീം തലസ്ഥാനത്തെത്തുന്നു എന്നത് കായികപ്രേമികൾക്ക് ഇരട്ടി മധുരമാകും. വിശാഖപട്ടണത്തെ ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം ഡിസംബർ 24-ന് ഇരു ടീമുകളും തിരുവനന്തപുരത്ത് എത്തിച്ചേരും. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പ് കിരീടം ചൂടിയ ശേഷം ഹർമൻപ്രീത് കൗറും സംഘവും ആദ്യമായി കളത്തിലിറങ്ങുന്ന പരമ്പരയാണിത് എന്ന പ്രത്യേകതയുമുണ്ട്.