ന്യൂസിലൻഡ് വനിതാ ടീമിന്റെ വെറ്ററൻ ഓപ്പണർ സൂസി ബേറ്റ്‌സിന് തുടയിലെ പേശികൾക്കേറ്റ (Quadricep) പരിക്ക് കാരണം മൂന്ന് മാസത്തെ വിശ്രമം വേണ്ടിവരും. കഴിഞ്ഞ മാസം ആഭ്യന്തര ടൂർണമെന്റായ ഹാലിബർട്ടൺ ജോൺസ്റ്റോൺ ഷീൽഡിൽ ഒട്ടാഗോയ്ക്കായി ഫീൽഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ഒട്ടാഗോയുടെ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളും ഫെബ്രുവരി അവസാനം സിംബാബ്‌വെക്കെതിരെ നടക്കാനിരിക്കുന്ന ഹോം സീരീസും ബേറ്റ്‌സിന് നഷ്ടമാകും.
“ഈ സീസൺ നഷ്ടമാകുന്നതിൽ വലിയ വിഷമമുണ്ട്. ഒട്ടാഗോ സ്പാർക്സിനൊപ്പമുള്ള മത്സരങ്ങൾക്കായി ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു. എങ്കിലും മാർച്ചിൽ വൈറ്റ് ഫേൺസിനൊപ്പം (ദേശീയ ടീം) കളിക്കളത്തിലേക്ക് തിരിച്ചെത്താനാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം,” താരം പറഞ്ഞു.
മാർച്ചിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലൂടെ തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് സൂസി.
2025 ലോകകപ്പിൽ മികച്ച ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടെങ്കിലും (5 ഇന്നിംഗ്‌സുകളിൽ നിന്ന് 40 റൺസ്), സൂസിയുടെ അനുഭവസമ്പത്ത് 2026-ലെ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ന്യൂസിലൻഡ് ടീമിന് വളരെ പ്രധാനപ്പെട്ടതാണ്. പരിക്കിൽ നിന്ന് മുക്തയായി താരം കരുത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.









