ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടി20-യിൽ ഓപ്പണറായി ഇറങ്ങി വെടിക്കെട്ട് പ്രകടനം നടത്തിയ സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തി. 2026-ലെ ടി20 ലോകകപ്പിനും വരാനിരിക്കുന്ന ന്യൂസിലൻഡ് പരമ്പരയ്ക്കും ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി സഞ്ജു സ്ഥാനം ഉറപ്പിച്ചതായി അദ്ദേഹം വിലയിരുത്തി. എന്നാൽ, 30-കളിലും 40-കളിലും പുറത്താകാതെ സ്കോർ വലിയ നിലയിലേക്ക് മാറ്റാൻ സഞ്ജു ശ്രദ്ധിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

“സഞ്ജു ശരിക്കും മനോഹരമായി ബാറ്റ് ചെയ്തു. അദ്ദേഹം കളിച്ച ചില സ്ട്രോക്കുകൾ അവിശ്വസനീയമായിരുന്നു. ഫോമിലാകുമ്പോൾ സഞ്ജു അതീവ അപകടകാരിയാണ്. പക്ഷേ എനിക്ക് സഞ്ജുവിനോട് ഒന്നേ പറയാനുള്ളൂ, 37 റൺസിൽ പുറത്താകരുത്. ആ 37-നെ 73 ആക്കി മാറ്റാൻ ശ്രമിക്കണം. അങ്ങനെ ചെയ്താൽ നിങ്ങളെ ടീമിൽ നിന്ന് മാറ്റാൻ ആർക്കും കഴിയില്ല.”
“30-കളിലെയും 40-കളിലെയും സ്കോറുകൾ ആളുകൾ പെട്ടെന്ന് മറന്നുപോകും. സഞ്ജുവിന് ലഭിച്ച അവസരം അദ്ദേഹം കൃത്യമായി വിനിയോഗിച്ചു,” ശ്രീകാന്ത് പറഞ്ഞു.
ശുഭ്മാൻ ഗില്ലിനെ പോലൊരു പ്രമുഖ താരത്തെ ഒഴിവാക്കി സഞ്ജുവിൽ വിശ്വാസമർപ്പിച്ച സാഹചര്യത്തിൽ, വലിയ സ്കോറുകൾ കണ്ടെത്തേണ്ടത് താരത്തിന് അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.









