ആസ്റ്റൺ വില്ലയ്‌ക്കെതിരായ മത്സരത്തിനിടെ നായകൻ ബ്രൂണോ ഫെർണാണ്ടസിന് പരിക്കേറ്റത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുണൈറ്റഡ് പരാജയപ്പെട്ട മത്സരത്തിന്റെ ആദ്യ പകുതിയിലാണ് താരത്തിന് ഹാംസ്ട്രിംഗ് പരിക്കേറ്റത്.

പരിശോധനകൾക്ക് ശേഷം താരത്തിന് ‘സോഫ്റ്റ് ടിഷ്യൂ’ ഇൻജുറി ആണെന്ന് പരിശീലകൻ റൂബൻ അമോറിം സ്ഥിരീകരിച്ചു. ഇതോടെ ഡിസംബർ 26-ന് ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടക്കാനിരിക്കുന്ന ബോക്സിംഗ് ഡേ പോരാട്ടം ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങൾ ബ്രൂണോയ്ക്ക് നഷ്ടമാകും.
ടീമിലെ പരിക്കിന്റെ പട്ടിക നീളുന്നത് യുണൈറ്റഡ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
യുവതാരം കോബി മൈനു കാലിന് പരിക്കേറ്റ് പുറത്താണ്. കൂടാതെ മത്തിയാസ് ഡി ലിഗ്റ്റ്, ഹാരി മാഗ്വയർ എന്നിവർ പരിക്കിന്റെ പിടിയിലും ബ്രയാൻ എംബ്യൂമോ, അമദ് ഡിയല്ലോ, നുസൈർ മസ്രൗയി എന്നിവർ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനായി പോയതും ടീമിന് തിരിച്ചടിയാണ്. എങ്കിലും ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിൽ പരിഭ്രാന്തരായി പുതിയ കളിക്കാരെ വാങ്ങില്ലെന്നും ടീമിനുള്ളിൽ തന്നെ പരിഹാരങ്ങൾ കണ്ടെത്തുമെന്നുമാണ് അമോറിം വ്യക്തമാക്കിയത്.









