2 ചുവപ്പ് കാർഡ്! ലണ്ടണിൽ വന്ന് സ്പർസിനെ തോൽപ്പിച്ച് ലിവർപൂൾ

Newsroom

Resizedimage 2025 12 21 01 08 08 1



ലണ്ടനിലെ ടോട്ടനം ഹോട്ട്‌സ്പർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ടോട്ടനത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ലിവർപൂൾ. രണ്ട് ചുവപ്പ് കാർഡുകൾ കണ്ട നാടകീയമായ മത്സരത്തിൽ, ഒമ്പത് പേരായി ചുരുങ്ങിയിട്ടും അവസാന നിമിഷം വരെ പൊരുതിയ ശേഷമാണ് ടോട്ടനം കീഴടങ്ങിയത്. ഈ വിജയത്തോടെ 29 പോയിന്റുമായി ലിവർപൂൾ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, 22 പോയിന്റുള്ള ടോട്ടനം 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Resizedimage 2025 12 21 01 07 52 1


മത്സരത്തിന്റെ 33-ാം മിനിറ്റിൽ ടോട്ടനം താരം സാവി സിമ്മൺസ് ലിവർപൂൾ നായകൻ വിർജിൽ വാൻ ഡൈക്കിനെതിരെ നടത്തിയ ഫൗളിന് നേരിട്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മത്സരത്തിൽ നിർണ്ണായകമായി. പത്ത് പേരുമായി കളിച്ച ടോട്ടനത്തിനെതിരെ രണ്ടാം പകുതിയിൽ ലിവർപൂൾ ആധിപത്യം സ്ഥാപിച്ചു. 56-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അലക്സാണ്ടർ ഇസാക്ക് ഫ്ലോറിയൻ വിർട്സിന്റെ അസിസ്റ്റിൽ നിന്ന് ലിവർപൂളിന്റെ ആദ്യ ഗോൾ നേടി. പത്ത് മിനിറ്റിന് ശേഷം ജെറമി ഫ്രിംപോങ്ങിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെ ഹ്യൂഗോ എകിറ്റികെ ലീഡ് രണ്ടാക്കി ഉയർത്തി.

എന്നാൽ തോൽവി സമ്മതിക്കാൻ തയ്യാറാകാതിരുന്ന ടോട്ടനം 83-ാം മിനിറ്റിൽ റിച്ചാർലിസണിലൂടെ ഒരു ഗോൾ മടക്കി മത്സരം ആവേശകരമാക്കി. അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി ടോട്ടനം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇഞ്ച്വറി ടൈമിൽ (90+3′) ക്രിസ്റ്റ്യൻ റൊമേറോ കൂടി രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് അവർക്ക് വലിയ തിരിച്ചടിയായി. ഒമ്പത് പേരായി ചുരുങ്ങിയിട്ടും പൊരുതിയ സ്പർസിനെതിരെ ലിവർപൂൾ പ്രതിരോധം ഉറച്ചുനിന്നതോടെ ആർനെ സ്ലോട്ടിന്റെ കീഴിൽ ലിവർപൂൾ വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കി.