2026 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം വലിയ വിവാദങ്ങൾക്ക് വഴിമാറുകയാണ്. ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ തീരുമാനം മറികടന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീർ ആണ് ശുഭ്മാൻ ഗില്ലിനെ ടീമിൽ നിന്ന് ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടി20ക്ക് മുന്നോടിയായി ലഖ്നൗവിൽ നടന്ന പരിശീലനത്തിനിടെ ഗില്ലിന് കാൽവിരലിന് പരിക്കേറ്റിരുന്നു.

എന്നാൽ ഈ പരിക്ക് ഗില്ലിനെ ഒഴിവാക്കാനുള്ള ഒരു കാരണമായി ആദ്റ്റം ഉപയോഗിക്കുകയായിരുന്നു എന്ന് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
സൂര്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമിൽ സഞ്ജു സാംസണാണ് ഫസ്റ്റ് ചോയ്സ് ഓപ്പണറായി ഇടംപിടിച്ചിരിക്കുന്നത്. ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ, ജസ്പ്രീത് ബുംറ, റിങ്കു സിംഗ് എന്നിവരും ടീമിലുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 32 റൺസ് മാത്രമാണ് ഗില്ലിന് നേടാനായത്. സൂപ്പർതാര പരിവേഷത്തേക്കാൾ പ്രകടനത്തിന് മുൻഗണന നൽകുന്ന ഗംഭീറിന്റെ ശൈലിയാണ് ഗില്ലിന് തിരിച്ചടിയായതെന്ന് വിലയിരുത്തപ്പെടുന്നു.
അടുത്തിടെ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഉയർത്തപ്പെട്ട ഗില്ലിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കിയത് ആരും പ്രതീക്ഷിച്ചിരുന്നതല്ല. ഫോം തെളിയിക്കുന്നവർക്ക് മാത്രം ടീമിൽ ഇടം നൽകുന്ന ഗംഭീറിന്റെ നിലപാട് ടീമിന് ഗുണകരമാകുമെന്നാണ് ഒരു വിഭാഗം ക്രിക്കറ്റ് പ്രേമികൾ കരുതുന്നത്.









