കണ്ണൂരിനെ ആവേശത്തിലാക്കി കണ്ണൂർ വാരിയേഴ്സിന്റെ ഘോഷയാത്ര

Newsroom

Resizedimage 2025 12 20 18 00 16 1

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കന്നി കിരീടത്തില്‍ മുത്തമിട്ട കണ്ണൂരിന്റെ സ്വന്തം കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ വിജയ ഘോഷയാത്ര കണ്ണൂരിനെ ആവേശത്തിലാക്കി. കണ്ണൂരിന്റെ ഫുട്‌ബോള്‍ തിരിച്ചെത്തി എന്ന് എഴുതി പ്രത്യേകം തയ്യാറാക്കിയ ജേഴ്‌സി അണിഞ്ഞായിരുന്നു കണ്ണൂര്‍ വാരിയേഴ്‌സ് താരങ്ങളും പരിശീലകരും ഘോഷയാത്രയ്ക്ക് എത്തിയത്.

Resizedimage 2025 12 20 18 25 02 1

രാവിലെ 11.45 പള്ളിക്കുന്ന് നിന്ന് ആരംഭിച്ച യാത്ര തുറന്ന വാഹനത്തില്‍ ട്രോഫിയുമായി കാല്‍ടെക്സ് ജംഗ്ഷന്‍, ന്യൂ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ വഴി മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു. റോഡിന്റെ ഇരുവശങ്ങളിലുമായി നൂറുകണക്കിന് ആളുകളാണ് ടീമിനെ അഭിവാദ്യം ചെയ്യാന്‍ എത്തിയത്. അതിന് പുറമേ ഓഫിസുകള്‍, ഷോപ്പിംങ് കോംപ്‌ളക്‌സുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്നവരും യാത്രയ്ക്ക് പിന്തുണയുമായി എത്തി.


തുറന്ന വാഹനത്തിന് മുന്നിലായി കണ്ണൂര്‍ വാരിയേഴ്‌സ് ആരാധക കൂട്ടായ്മ റെഡ് മറൈനേഴ്‌സ് ബൈക്കും ഫ്‌ളാഗുകളുമായി അനുഗമിച്ചു. ഏകദേശം 2.5 മണിക്കൂര്‍ എടുത്താണ് ടീം ജവഹര്‍ സ്റ്റേഡിയത്തിലെത്തിയത്. ടീമിന്റെ കഠിനാധ്വാനവും ഐക്യവും വിശ്വാസവും തന്നെയാണ് ഈ നേട്ടത്തിന് പിന്നിലെന്നും, ഈ കിരീടം മുഴുവന്‍ കണ്ണൂരിനുമുള്ളതാണെന്നും ക്ലബ് അധികൃതര്‍ പറഞ്ഞു.ഈ ട്രോഫി പരേഡ് കണ്ണൂരിലെ കായികപ്രേമികള്‍ക്ക് മറക്കാനാകാത്ത ഒരു ഓര്‍മ്മയായി മാറി; നഗരത്തിന്റെ ഫുട്‌ബോള്‍ പ്രണയം വീണ്ടും ഒരിക്കല്‍ കൂടി തെളിയിച്ച ദിനമായി ഇന്നത്തെ ആഘോഷം രേഖപ്പെടുത്തപ്പെട്ടു.