ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നിർണ്ണായകമായ അഞ്ചാം മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ മലയാളി താരം സഞ്ജു സാംസൺ രണ്ട് വലിയ നാഴികക്കല്ലുകൾ പിന്നിട്ടു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 22 പന്തിൽ നിന്ന് 37 റൺസ് നേടിയ സഞ്ജു, ട്വന്റി-20 ക്രിക്കറ്റിൽ ആകെ 8,000 റൺസ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി.
വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് തുടങ്ങിയ വമ്പന്മാർക്കൊപ്പം ഈ നേട്ടം കൈവരിക്കുന്ന താരമായി സഞ്ജു മാറി. ഇതോടൊപ്പം തന്നെ അന്താരാഷ്ട്ര ടി20 കരിയറിൽ 1,000 റൺസ് എന്ന നേട്ടവും താരം മറികടന്നു. പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം ഓപ്പണറായി കളത്തിലിറങ്ങിയ സഞ്ജു, മാർക്കോ യാൻസനെ സിക്സറിന് പറത്തിക്കൊണ്ടാണ് തന്റെ വരവറിയിച്ചത്.
സഞ്ജുവിന്റെ ഈ സുപ്രധാന ഇന്നിംഗ്‌സ് ഇന്ത്യയെ പരമ്പര 3-1ന് സ്വന്തമാക്കാൻ സഹായിച്ചു. നിലവിൽ 320 മത്സരങ്ങളിൽ നിന്ന് 8,033 റൺസാണ് സഞ്ജുവിന്റെ ആകെ ടി20 സമ്പാദ്യം.









