സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ കിരീടം കണ്ണൂർ വാരിയേഴ്സ് സ്വന്തമാക്കി. ഇന്ന് കണ്ണൂർ ജവർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ തൃശ്ശൂർ മാജിക് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ആണ് കണ്ണൂർ കിരീടം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ ഉടനീളം 10 പേരുമായി കളിച്ചായിരുന്നു കണ്ണൂർ ജയം ഉറപ്പിച്ചത്.

മത്സരത്തിന്റെ 19ആം മിനുറ്റിൽ ഒരു പെനാൽറ്റിയിലൂടെ ആണ് കണ്ണൂർ വാരിയേഴ്സ് ലീഡ് എടുത്തത്. പെനാൽട്ടി അസിയർ ഗോമസ് സമ്മർദ്ദത്തെ അതിജീവിച്ച് വലയിൽ എത്തിച്ചു. ഇതിനു ശേഷം കളിയിൽ ഇരുടീമുകൾക്ക് നിറയെ അവസരം ലഭിച്ചു. എന്നാൽ ഒന്നും ലക്ഷ്യത്തിൽ എത്തിയില്ല.
ആദ്യ പകുതിയുടെ അവസാനം കണ്ണൂർ വാരിയേഴ്സ് യുവ താരം സച്ചിൻ ചുവപ്പ് കാർഡ് കണ്ടത് കണ്ണൂരിനെ പ്രതിസന്ധിയിൽ ആക്കി. രണ്ടാം പകുതിയിൽ ഉടനീളം അവർ 10 പേരുമായി കളിക്കേണ്ടി വന്നു. എന്നിട്ടും അവർ പൊരുതി. 71ആം മിനുറ്റിൽ മൈസൺ ആൽവേസിലൂടെ തൃശൂർ സമനില കണ്ടെത്തി എങ്കിലും ലൈൻ റഫറിയുടെ ഓഫ്സൈഡ് വിളി നിർണായകമായി.
അവസാനം 90 മിനുറ്റും പൊരുതി കണ്ണൂർ അവർ അർഹിച്ച കിരീടം സ്വന്തമാക്കി.









