ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ U-19 ഏഷ്യ കപ്പ് ഫൈനലിൽ; വീണ്ടും തിളങ്ങി മലയാളി താരം ആരോൺ ജോർജ്

Newsroom

Resizedimage 2025 12 19 18 45 39 1


ദുബായിൽ നടന്ന എസിസി മെൻസ് അണ്ടർ-19 ഏഷ്യ കപ്പ് ആദ്യ സെമി ഫൈനലിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ കടന്നു. നനഞ്ഞ ഔട്ട്ഫീൽഡ് കാരണം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു.

Resizedimage 2025 12 19 18 45 56 1

ശ്രീലങ്കയ്ക്കായി ക്യാപ്റ്റൻ വിമാത് ദിൻസാര (32), ചാമിക ഹീനതിഗല (42) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയ്ക്കായി കനിഷ്ക് ചൗഹാൻ, ഹെനിൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ ആയുഷ് മാത്രെയെയും (7) വൈഭവ് സൂര്യവംശിയെയും (9) തുടക്കത്തിലേ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒന്നിച്ച ആരോൺ ജോർജും വിഹാൻ മൽഹോത്രയും ചേർന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു. ഇരുവരും ചേർന്ന് പുറത്താകാതെ 114 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഈ ടൂർണമെന്റിലെ തന്റെ തുടർച്ചയായ മൂന്നാം അർദ്ധ സെഞ്ച്വറി നേടിയ മലയാളി താരം ആരോൺ ജോർജ് 49 പന്തിൽ 58 റൺസുമായി പുറത്താകാതെ നിന്നു. വിഹാൻ മൽഹോത്ര 45 പന്തിൽ 61 റൺസ് നേടി മികച്ച പിന്തുണ നൽകി. 18 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. പാകിസ്താനെയാണ് ഇന്ത്യ ഫൈനലിൽ നേരിടുക.