മുംബൈ, ഡിസംബർ 19: വരാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ആഭ്യന്തര ടി20 പരമ്പരയ്ക്കും 2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിനുമുള്ള ഇന്ത്യൻ ടീമിനെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ശനിയാഴ്ച (ഡിസംബർ 20) മുംബൈയിൽ പ്രഖ്യാപിക്കും. ടീമിന്റെ കെട്ടുറപ്പും തുടർച്ചയും നിലനിർത്താൻ രണ്ട് ടീമുകളിലും ഏകദേശം ഒരേ താരങ്ങളെ തന്നെ ഉൾപ്പെടുത്തിയേക്കും.

സൂര്യകുമാർ യാദവ് തന്നെയാകും ലോകകപ്പിനുള്ള 15 അംഗ ടീമിനെ നയിക്കുക. ഫോം ഔട്ട് ആശങ്കകൾ ഉണ്ടെങ്കിലും ശുഭ്‌മൻ ഗിൽ തന്നെ വൈസ് ക്യാപ്റ്റനായി തുടരാനാണ് സാധ്യത. സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ഇഷൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം ഉണ്ടാകും.
നിലവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ടീമിനെ നയിക്കുന്ന സൂര്യകുമാർ യാദവിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും പ്രാഥമിക ടീമിനെ ഐസിസിക്ക് (ICC) സമർപ്പിക്കുക. ഫെബ്രുവരി 7-ന് മുംബൈയിൽ അമേരിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. തുടർന്ന് നമീബിയ, പാകിസ്ഥാൻ, നെതർലാൻഡ്‌സ് എന്നിവർക്കെതിരായ മത്സരങ്ങൾ ഡൽഹി, കൊളംബോ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നടക്കും. ടൂർണമെന്റ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് വരെ പരിക്കോ ഫോമോ പരിഗണിച്ച് ടീമിൽ മാറ്റങ്ങൾ വരുത്താൻ അനുമതിയുണ്ട്.









