മൗണ്ട് മൗംഗനൂയിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ന്യൂസിലൻഡ് ഓപ്പണർമാരായ ഡെവൺ കോൺവേയും നായകൻ ടോം ലാഥവും ചേർന്ന് ചരിത്രപരമായ പ്രകടനം കാഴ്ചവെച്ചു. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 323 റൺസിന്റെ കൂട്ടുകെട്ടിന്റെ കരുത്തിൽ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് എന്ന ശക്തമായ നിലയിലാണ്.

279 പന്തിൽ 25 ഫോറുകൾ ഉൾപ്പെടെ 178 റൺസുമായി കോൺവേ പുറത്താകാതെ നിൽക്കുന്നു. 264 പന്തിൽ 137 റൺസ് നേടിയ ലാഥത്തിനെ ദിവസത്തിന്റെ അവസാന ഘട്ടത്തിൽ കെമർ റോച്ച് പുറത്താക്കി. ന്യൂസിലൻഡ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. 1972-ൽ ഗ്ലെൻ ടർണറും ടെറി ജാർവിസും ചേർന്ന് നേടിയ 387 റൺസാണ് ഒന്നാമത്. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് പാർട്ണർഷിപ്പ് എന്ന റെക്കോർഡും ഈ സഖ്യം സ്വന്തമാക്കി.
കോൺവേയുടെ ആറാം ടെസ്റ്റ് സെഞ്ച്വറിയും ലാഥത്തിന്റെ 15-ാം സെഞ്ച്വറിയും ഈ ഇന്നിംഗ്‌സിൽ പിറന്നു. ലാഥം 104 റൺസിൽ നിൽക്കെ വെസ്റ്റ് ഇൻഡീസ് താരങ്ങൾ ക്യാച്ച് കൈവിട്ടത് അവർക്ക് തിരിച്ചടിയായി.









