കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ ബറോഡ ശക്തമായ നിലയിൽ

Newsroom

Cricket

വഡോദര: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്സിൽ ബറോഡ മികച്ച സ്കോറിലേക്ക്. രണ്ടാം ദിവസം കളി നി‍ർത്തുമ്പോൾ ഒരു വിക്കറ്റിന് 196 റൺസെന്ന നിലയിലാണ് ബറോഡ. നേരത്തെ കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 136 റൺസിന് അവസാനിപ്പിച്ച ബറോഡ 87 റൺസിൻ്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഇതുൾപ്പടെ ബറോഡയ്ക്ക് ഇപ്പോൾ 283 റൺസിൻ്റെ ലീഡുണ്ട്.

നാല് വിക്കറ്റിന് 50 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് വേണ്ടി ഹൃഷികേശും ക്യാപ്റ്റൻ മാനവ് കൃഷ്ണയും മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. മറ്റുള്ളവ‍ർ കാര്യമായ ചെറുത്തുനില്പ് പോലുമില്ലാതെ കീഴടങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്. ഒൻപത് റൺസെടുത്ത ഇഷാൻ കുനാലിൻ്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുട‍ർന്ന് ആറാം വിക്കറ്റിൽ ഒത്തു ചേർന്ന ഹൃഷികേശും മാനവ് കൃഷ്ണയും ചേ‍ർന്ന് 53 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ വെറും ഒരു റൺ കൂട്ടിച്ചേർക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായതോടെ കേരളത്തിൻ്റെ ഇന്നിങ്സ് തക‍ർന്നടിഞ്ഞു. ഹൃഷികേശ് 51-ഉം മാനവ് കൃഷ്ണ 31-ഉം റൺസ് നേടി പുറത്തായപ്പോൾ മൊഹമ്മദ് ഇനാനും അഭിനവ് കെ വിയും അക്കൗണ്ട് തുറക്കാതെ മടങ്ങി. അവസാന വിക്കറ്റിൽ ദേവ​ഗിരിയും ആഷ്ലിനും ചേ‍ർന്ന 18 റൺസ് കൂട്ടുകെട്ടാണ് കേരളത്തിൻ്റെ സ്കോർ 136ൽ എത്തിച്ചത്. ബറോഡയ്ക്ക് വേണ്ടി ഹേത് പട്ടേൽ മൂന്നും അമാഹിദ,​ഗൗരവ്, കേശവ് വാർകെ എന്നിവ‍ർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണ‍ർ പൃഥ്വീ ഒഡേദ്രയുടെ വിക്കറ്റ് നഷ്ടമായി. ആറ് റൺസെടുത്ത പൃഥ്വി റണ്ണൗട്ടാവുകയായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തു ചേ‍ർന്ന ക്യാപ്റ്റൻ സ്മിത് രഥ്വയും വിശ്വാസും ചേർന്നുള്ള കൂട്ടുകെട്ട് ബറോഡയെ ശക്തമായ നിലയിലെത്തിച്ചു. കളി നി‍ർത്തുമ്പോൾ വിശ്വാസ് 118-ഉം സ്മിത് 67-ഉം റൺസുമായി പുറത്താകാതെ നില്ക്കുകയാണ്. 14 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു വിശ്വാസിൻ്റെ ഇന്നിങ്സ്.