2026-ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന് മുന്നോടിയായി ടീമിന്റെ ഫീൽഡിംഗ് നിലവാരം മെച്ചപ്പെടുത്തുന്നതിനായി മുൻ ഇന്ത്യൻ ഫീൽഡിംഗ് പരിശീലകൻ ആർ. ശ്രീധറിനെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചു. 2025 ഡിസംബർ 11 മുതൽ 2026 മാർച്ച് 10 വരെയാണ് അദ്ദേഹത്തിന്റെ കരാർ കാലാവധി.

പാകിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവർക്കെതിരായ പരമ്പരകളിലും ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിലും അദ്ദേഹം ലങ്കൻ ടീമിനൊപ്പമുണ്ടാകും.
ബിസിസിഐയുടെ ലെവൽ 3 പരിശീലകനായ ശ്രീധർ, 2014 മുതൽ 2021 വരെ ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മുന്നൂറിലധികം മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ച അദ്ദേഹം ടീമിന്റെ ഫീൽഡിംഗ് നിലവാരം രാജ്യാന്തര തലത്തിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ഈ വർഷം ആദ്യം ശ്രീലങ്കയിൽ അദ്ദേഹം പത്ത് ദിവസത്തെ ഫീൽഡിംഗ് ക്യാമ്പ് നടത്തിയിരുന്നു, ഇത് ലങ്കൻ ടീമുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം വർദ്ധിപ്പിച്ചു.









