മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം ഓൾഡ് ട്രാഫോഡിൽ എത്തിയതിന് ശേഷം ആദ്യമായി ഫോർമേഷൻ മാറ്റത്തിന് ഒരുങ്ങുകയാണ് എന്ന് റിപ്പോർട്ട്. ആഫ്രിക്കൻ നേഷൻസ് കപ്പ് കാരണം ബ്രയാൻ എംബ്യൂമോ, അമാദ് ഡിയാലോ, നൗസ്സൈർ മസ്രൗയി എന്നിവർക്ക് ആഴ്ചകളോളം വിട്ടുനിൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ, ഇന്നത്തെ ബോൺമൗത്തുമായുള്ള മത്സരത്തിന് മുന്നോടിയായി അമോറിം പരിശീലനത്തിൽ 4-3-3 ശൈലി പരീക്ഷിച്ചതായി റിപ്പോർട്ടുണ്ട്.

അദ്ദേഹത്തിന്റെ പരിശീലക ജീവിതത്തെ നിർവചിച്ച 3-4-2-1 ശൈലിയിൽ നിന്നുള്ള മാറ്റമാണിത്. ഈ സീസണിൽ യുണൈറ്റഡിന്റെ വിജയത്തിന് നിർണായകമായ വലത് ഭാഗത്തെ എംബ്യൂമോ-അമാദ് കോമ്പിനേഷന്റെ അഭാവമാണ് അമോറിം നേരിടുന്ന വെല്ലുവിളി. പരിക്കേറ്റ ബെഞ്ചമിൻ സെസ്കോയെപ്പോലുള്ള താരങ്ങൾ ഫിറ്റ്നസ് വീണ്ടെടുക്കുന്ന സാഹചര്യത്തിൽ, തന്റെ സ്ക്വാഡിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ “പുതിയ വഴികൾ പരീക്ഷിക്കാനുള്ള അവസരമാണിത്” എന്ന് പോർച്ചുഗീസ് കോച്ച് സമ്മതിച്ചു.
നിലവിൽ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ ഘട്ടത്തിൽ അമോറിമിന്റെ സിസ്റ്റത്തിലെ ഈ മാറ്റം അവരുടെ കാമ്പെയ്നിൽ ഒരു വഴിത്തിരിവായേക്കാം. കൂടുതൽ വഴക്കമുള്ളതും പ്രവചനാതീതവുമായ ടീമിലേക്കുള്ള മാറ്റമാണിത്.
യുണൈറ്റഡ് ആരാധകരെ സംബന്ധിച്ചിടത്തോളം, ഈ മാറ്റം അവർ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. ബാക്ക് 3 സിസ്റ്റം ആയിരുന്നു ഇതുവരെ അമോറിം നടപ്പിലാക്കിയത്. എന്നാൽ ഈ സിസ്റ്റം യുണൈറ്റഡിന് കാര്യമായ ഫലങ്ങൾ നൽകിയിരുന്നില്ല.









