മുഹമ്മദ് റെയ്ഹാന് ഏഴ് വിക്കറ്റ്, വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ മുംബൈ 312 റൺസിന് പുറത്ത്

Newsroom

Resizedimage 2025 12 12 20 00 08 1

കട്ടക്ക് – 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ മുംബൈയുടെ ആദ്യ ഇന്നിങ്സ് 312 റൺസിന് അവസാനിച്ചു. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് റെയ്ഹാൻ്റെ ഉജ്ജ്വല ബൗളിങ്ങാണ് ആദ്യ ദിവസം കേരളത്തിന് മുതൽക്കൂട്ടായത്. ആയുഷ് ഷെട്ടി, അർജുൻ ഗദോയ, ഹർഷ് ശൈലേഷ് എന്നിവ‍ർ മുംബൈയ്ക്ക് വേണ്ടിയും തിളങ്ങി.

ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അതിവേഗം സ്കോർ ചെയ്താണ് മുംബൈയുടെ ബാറ്റർമാർ തുടക്കമിട്ടത്. ഓപ്പണർ ഓം ബാംഗർ 15ഉം ആയുഷ് ഷിൻഡെ എട്ടും റൺസെടുത്ത് പുറത്തായി. എന്നാൽ ആയുഷ് ഷെട്ടി,ഹർഷ് ഷൈലേഷ് എന്നിവർ ചേർന്നുള്ള 95 റൺസിൻ്റെ കൂട്ടുകെട്ട് മുംബൈ ഇന്നിങ്സിന് കരുത്ത് പകർന്നു. ആയുഷ് ഷെട്ടി 81ഉം ഹർഷ് ഷൈലേഷ് 54ഉം റൺസെടുത്തു.

തുടർന്നെത്തിയവരിൽ അർജുൻ ഗദോയയും കാർത്തിക് കുമാറും മാത്രമാണ് തിളങ്ങിയത്. ഇരുവരും ചേർന്ന് 72 റൺസ് കൂട്ടിച്ചേർത്തു. അർജുൻ 73ഉം കാർത്തിക് 45ഉം റൺസെടുത്തു. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് റെയ്ഹാൻ്റെ തകർപ്പൻ ബൗളിങ്ങാണ് മുംബൈ സ്കോർ 312ൽ ഒതുക്കിയത്. 17 ഓവറുകളിൽ വെറും 53 റൺസ് മാത്രം വിട്ടു കൊടുത്താണ് റെയ്ഹാൻ ഏഴ് വിക്കറ്റ് വീഴ്ത്തിയത്.