ഡിസംബർ 9 ന് ഇന്റർ മിലാനെതിരായ യുവേഫ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ നിന്ന് പുറത്തായതിന് പിന്നാലെ ലിവർപൂളിന്റെ മെൽവുഡ് ഗ്രൗണ്ടിൽ മുഹമ്മദ് സലാ ഒറ്റയ്ക്ക് പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത് താരത്തിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.
ഈജിപ്ഷ്യൻ താരം ലീഡ്സുമായുള്ള സമനിലയ്ക്ക് ശേഷം പരിശീലകൻ ആർനെ സ്ലോട്ടിനെ പരസ്യമായി വിമർശിക്കുകയും ബന്ധം തകർന്നതായി സൂചന നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ ക്ലബ് സ്ക്വാഡിൽ നിന്ന് പുറത്താക്കിയത്.
സലാ ഇനി ലിവർപൂളിനായി കളിക്കുമോ എന്നതിനെക്കുറിച്ച് തനിക്ക് “അറിയില്ല” എന്ന് സ്ലോട്ട് ഇന്നലെ പറഞ്ഞിരുന്നു. സലാഹ് അടുത്ത ആഴ്ച ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനായി പോവുകയാണ്. അതിനു മുമ്പ് ഇനി ലിവർപൂളിനായി കളിക്കാൻ ഒരു സാധ്യതയുമില്ല.
സൗദി ക്ലബ്ബുകൾ 33-കാരനായ ഈ ഇതിഹാസ താരത്തിനായി വീണ്ടും രംഗത്തെത്താൻ സാധ്യതയുണ്ട്. ആഫ്രിക്കൻ നാഷൺസ് കപ്പിനു ശേഷം മാത്രമെ സലാ തന്റെ ഭാവിയിൽ തീരുമാനം എടുക്കാൻ സാധ്യതയുള്ളൂ.