റയൽ മാഡ്രിഡ് പ്രതിരോധ താരം എഡർ മിലിറ്റാവോയുടെ ഇടത് കാലിലെ ബൈസെപ്സ് ഫെമോറിസ് പേശിക്കും, പ്രോക്സിമൽ ടെൻഡനും പരിക്ക് പറ്റിയതായി സ്ഥിരീകരിച്ചു. ഈ പരിക്ക് കാരണം മിലിറ്റാവോയ്ക്ക് ഏകദേശം 3 മുതൽ 4 മാസം വരെ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും.
ഇതോടെ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടം ഉൾപ്പെടെയുള്ള നിർണായക മത്സരങ്ങൾ താരത്തിന് നഷ്ടമാകും. സെൽറ്റാ വിഗോയ്ക്കെതിരായ ലാ ലിഗ മത്സരത്തിനിടെ കടുത്ത വേദന കാരണം പുറത്തുപോകേണ്ടിവന്ന 27-കാരനായ ബ്രസീലിയൻ താരത്തിന് സഹായത്തോടെയാണ് കളം വിടാനായത്.
മുൻ സീസണുകളിൽ തുടർച്ചയായി രണ്ട് തവണ ആന്റീരിയർ ക്രൂഷ്യേറ്റ് ലിഗമെന്റ് (ACL) പരിക്കുകൾ നേരിട്ട മിലിറ്റാവോയ്ക്ക് ഈ പുതിയ പേശി വലിവ് താരത്തിനും റയൽ മാഡ്രിഡിന്റെ പ്രതിരോധ നിരയ്ക്കും ഒരു തിരിച്ചടിയാണ്.
ട്രെന്റ് അലക്സാണ്ടർ-ആർനോൾഡിന്റെ അടുത്തിടെ സംഭവിച്ച തുടയിലെ പരിക്ക് കാരണം പ്രതിരോധ നിരയിൽ മറ്റ് പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെയാണ് മിലിറ്റാവോയുടെ ഈ പരിക്ക് റയൽ മാഡ്രിഡിന് വലിയ വിടവ് സൃഷ്ടിക്കുന്നത്.