കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ ഝാ‍ർഖണ്ഡ് 206 റൺസിന് പുറത്ത്, മൊഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്

Newsroom

മുഹമ്മദ് ഇനാൻ
Download the Fanport app now!
Appstore Badge
Google Play Badge 1

ഹസാരിബാ​ഗ്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ ഝാ‍ർഖണ്ഡ് ആദ്യ ഇന്നിങ്സിൽ 206 റൺസിന് പുറത്തായി. ലെ​ഗ് സ്പിന്നർ മൊഹമ്മദ് ഇനാൻ്റെ അ‍ഞ്ച് വിക്കറ്റ് നേട്ടമാണ് ഝാർഖണ്ഡിൻ്റെ സ്കോർ 206ൽ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നി‍ർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെന്ന നിലയിലാണ്.

ടോസ് നേടിയ ഝാ‍ർഖണ്ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ കൗശിക്കും വത്സൽ തിവാരിയും ചേർന്ന് 65 റൺസ് കൂട്ടിച്ചേർത്തു. ഇരുവരെയും പുറത്താക്കി ആഷ്ലിനാണ് കേരളത്തിന് ആദ്യ വഴിത്തിരിവ് സമ്മാനിച്ചത്. കൗശിക് 39ഉം വത്സൽ 30 റൺസും നേടി. തുട‍ർന്നെത്തിയ ബാറ്റർമാർക്ക് മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ കഴിയാതെ വന്നതാണ് ഝാ‍ർഖണ്ഡിന് തിരിച്ചടിയായത്. മികച്ച രീതിയിൽ പന്തെറിഞ്ഞ കേരള ബൗളർമാ‍ർ ഝാർഖണ്ഡ് ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. 36 റൺസുമായി പുറത്താകാതെ നിന്ന നിതിൻ പാണ്ഡെയ്ക്ക് മാത്രമാണ് പിന്നീടെത്തിയവരിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായത്. യഷ് റാഥോർ 27ഉം അൻമോൽ രാജ് 24ഉം സാകേത് കുമാ‍ർ 23ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി അഞ്ച് വിക്കറ്റ് നേടിയ മൊഹമ്മദ് ഇനാന് പുറമെ ആഷ്ലിൻ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് എട്ട് റൺസെടുത്ത ജോബിൻ ജോബിയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. സം​ഗീത് സാ​ഗർ 18 റൺസുമായി മടങ്ങി. കളി നിർത്തുമ്പോേൾ തോമസ് മാത്യു 15ഉം അമയ് മനോജ് 10ഉം റൺസുമായി ക്രീസിലുണ്ട്.