തൃശൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി. സീസണിലെ അവസാന മത്സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചു. കണ്ണൂരിന് വേണ്ടി 42 ാം മിനുട്ടില്‍ അസിയര്‍ ഗോമസും 97ാം മിനുട്ടില്‍ എബിന്‍ ദാസും ഗോളുകള്‍ നേടി. വിജയത്തോടെ കണ്ണൂര്‍ വാരിയേഴ്‌സ് പത്ത് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും നാല് സമനിലയും മൂന്ന് തോല്‍വിയുമായി പതിമൂന്ന് പോയിന്റ് മൂന്നാം സ്ഥാനത്ത് എത്തി.
കണ്ണൂരിന് സെമി ഫൈനലിലേക്ക് യോഗ്യത നേടാന്‍ നാളെ (03-12-2025) നടക്കുന്ന തിരുവനന്തപുരം കൊമ്പന്‍സ് കാലിക്കറ്റ് മത്സരത്തെയും മറ്റന്നാൾ (04-12-2025) നടക്കുന്ന മലപ്പുറം എഫ്‌സി ഫോഴ്‌സ കൊച്ചി മത്സര ഫലത്തെ അടിസ്ഥാനത്തിലായിരിക്കും.
അവസാന മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി കാലിക്കറ്റ് എഫ്‌സിക്കെതിരെ ഇറങ്ങിയ ഇലവനില്‍ രണ്ട് മാറ്റങ്ങളുമായി ആണ് നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്. 4-3-3 എന്ന ഫോര്‍മേഷനില്‍ നിന്ന് 4-2-3-1 എന്ന ഫോര്‍മേഷനിലേക്ക് മാറി. കണ്ണൂരിനായി സൂപ്പര്‍ ലീഗ് രണ്ടാം സീസണില്‍ ഒമ്പത് മത്സരങ്ങളും കളിച്ച ഗോള്‍ കീപ്പര്‍ ഉബൈദിന് പകരമായി തൃശൂര്‍ക്കാരന്‍ അല്‍കേശ് രാജ് പോസ്റ്റിലെത്തി. പ്രതിരോധ നിരയില്‍ നിക്കോളാസ്, വികാസ്, മനോജ്, സന്ദീപ്. മധ്യനിരയില്‍ കഴിഞ്ഞ മത്സരത്തില്‍ പരിക്ക് കാരണം ബെഞ്ചിലിരുന്ന ഏണസ്റ്റീന്‍ ലവ്‌സാംബ തിരിച്ചെത്തി. കൂടെ അര്‍ജുനും. അറ്റാക്കിംങില്‍ മുഹമ്മദ് സിനാന്‍, അസിയര്‍ ഗോമസ്, കീന്‍ ലൂയിസ്, ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ദിനേറോ.
സെമി ഫൈനലിലേക്ക് യോഗ്യത നേടിയ തൃശൂര്‍ ടീമില്‍ എട്ട് മാറ്റങ്ങള്‍ ഉണ്ടായിരുന്നു. കമാലുദ്ദീന്‍, ഇവാന്‍ മാര്‍ക്കോവിച്ച്, ഫൈസല്‍ അലി, മുഹമ്മദ് ജിയാദ്, നവീന്‍ കൃഷ്ണ, ഫ്രാന്‍സിസ്, ലെനി, മെയ്ല്‍സണ്‍ എന്നിവര്‍ക്ക് പകരമായി ലക്ഷ്മികാന്ത് കട്ടിമണി, അലന്‍ ജോണ്‍, ജിദു കെ റോബി, മുഹമ്മജ് അഫ്‌സല്‍, ഉമാശങ്കര്‍, ഷെയ്ന്‍ സാജന്‍ ജേകബ്, ജിബിന്‍ ദേനസ്യ, ഫൈസല്‍ എന്നിവര്‍ ആദ്യ ഇലവനില്‍ എത്തി.
10 ാം മിനുട്ടില്‍ കണ്ണൂരിന് ആദ്യ അവസരം ലഭിച്ചു. ഇടത് വിങ്ങില്‍ നിന്ന് മനോജ് ബോക്‌സിനകത്തേക്ക് നല്‍കിയ ക്രോസ് അസിയര്‍ ഗോമസ് ഹെഡ് ചെയ്‌തെങ്കിലും പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. 14 ാം മിനുട്ടില്‍ കണ്ണൂര്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ പരിക്കേറ്റ് പുറത്തേക്ക്. പകരക്കാരനായി ഷിജിന്‍ ഇറങ്ങി. 17 ാം മിനുട്ടില്‍ കണ്ണൂരിന്റെ ഷിജിനെ ബോക്‌സിനകത്ത് നിന്ന് തൃശൂരിന്റെ പ്രതിരോധ താരം ഫൗള്‍ ചെയ്‌തെങ്കിലും റഫറി ഫൗള്‍ വിളിച്ചില്ല. 18 ാം മിനുട്ടില്‍ മനോജ് എറിഞ്ഞ ലോങ് ത്രോ ഷിജിന്‍ പിന്നിലേക്ക് ഹെഡ് ചെയ്തു നല്‍കി. സിനാന്‍ ലഭിച്ച പന്ത് ഹെഡ് ചെയ്ത് ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. 23 ാം മിനുട്ടില്‍ ഷിജിന്റെ ഒറ്റയാന്‍ മുന്നേറ്റം കണ്ടും. ലക്ഷ്യസ്ഥാത്തിന് തൊട്ട് മുന്നില്‍ വച്ച് ചിപ്പ് ചെയ്യേണ്ട പന്ത് ഷിജിന്‍ അടിച്ചെങ്കിലും തൃശൂര്‍ ഗോള്‍ കീപ്പര്‍ കട്ടിമണി സേവ് ചെയ്തു.
42 ാം മിനുട്ടില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ലീഡ് നേടി. സന്ദീപ് എടുത്ത ത്രോ ഷിജിന്‍ സ്വീകരിച്ച് മുഹമ്മദ് സിനാന് ബാക് പാസ് നല്‍കി. പന്തുമായി മുന്നേറിയ സിനാന്‍ പോസ്റ്റിന് തൊട്ട് അരികില്‍ നിന്നിരുന്ന അസിയര്‍ ഗോമസിന് നല്‍കി അസിയര്‍ കൃത്യമായി ടാപ് ചെയ്തു ഗോളാക്കി മാറ്റി. സൂപ്പര്‍ ലീഗിലെ മികച്ച ടീം ഗോളുകളില്‍ ഒന്ന്.
രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ നാല് മാറ്റങ്ങളുമായി ആണ് തൃശൂര്‍ മാജിക് ഇറങ്ങിയത്. ബിബിന്‍ അജയ്, ഫൈസല്‍, കെവിന്‍, ഷെയ്ന്‍ എന്നിവര്‍ക്ക് പകരമായി ഇവാന്‍, ജിയാദ്, നവീന്‍, ഫൈസല്‍ അലി എന്നിവരെത്തി. 55 ാം മിനുട്ടില്‍ കണ്ണൂരിന് സുവര്‍ണാവസരം. വലത് വിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പാസ് സിനാന്‍ സെകന്റ് പോസ്റ്റിലുള്ള ഷിജിന് ഹെഡ് ചെയ്തു നല്‍കി. ഷിജിന്‍ ഹെഡ് ചെയ്ത് ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്. 59 ാം മിനുട്ടില്‍ കണ്ണൂരിന്റെ അസിയര്‍ ഗോമസിനെ പിന്‍വലിച്ച് ആസിഫ് ഇറങ്ങി. 66 ാം സിനാന് ഗോളെന്ന് ഉറച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. 66 ാം മിനുട്ടില്‍ തന്നെ തൃശൂര്‍ അഞ്ചാം പകരക്കാരനെ ഇറക്കി. അഫ്‌സലിനെ പിന്‍വലിച്ച് സാവിയോ ഇറങ്ങി. 97 ാം മിനുട്ടില്‍ എബിന്‍ ദാസിലൂടെ കണ്ണൂര്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. കീന്‍ ലൂയിസ് നല്‍കിയ പാസില്‍ എബിന്‍ ദാസ് ടാപ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു.