യുവേഫ ചാമ്പ്യൻസ് ലീഗിൽ ടോട്ടനം ഹോട്‌സ്‌പറിനെ 5-3 എന്ന സ്കോറിന് പരാജയപ്പെടുത്തി പി.എസ്.ജി. സ്വന്തം മൈതാനത്ത് വിറ്റീനിയയുടെ ഹാട്രിക് മികവിൽ ആണ് പാരീസ് ഇംഗ്ലീഷ് ടീമിനെ 8 ഗോൾ ത്രില്ലറിൽ തോൽപ്പിച്ചത്. കരിയറിൽ ആദ്യമായി ആണ് പോർച്ചുഗീസ് താരം ഹാട്രിക് നേടുന്നത്. 35 മത്തെ മിനിറ്റിൽ റിച്ചാർലിസനിലൂടെ ടോട്ടനം ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് വിറ്റീനിയയിലൂടെ പാരീസ് മത്സരത്തിൽ ഒപ്പമെത്തി. രണ്ടാം പകുതി തുടങ്ങി 5 മിനിറ്റിനുള്ളിൽ കൊലോ മുആനിയിലൂടെ ടോട്ടനം മുൻതൂക്കം തിരിച്ചു പിടിച്ചു.

എന്നാൽ 3 മിനിറ്റിനുള്ളിൽ വിറ്റീനിയ വീണ്ടും പാരീസിനെ ഒപ്പം എത്തിച്ചു. 59 മത്തെ മിനിറ്റിൽ ഫാബിയൻ റൂയിസിന്റെ ഗോളിൽ പാരീസ് മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. തുടർന്ന് 65 മത്തെ മിനിറ്റിൽ പാച്ചോ കൂടി ഗോൾ നേടിയതോടെ പാരീസ് ജയം ഉറപ്പിച്ചു. എന്നാൽ 72 മത്തെ മിനിറ്റിൽ കൊലോ മുആനി തന്റെ രണ്ടാം ഗോളിലൂടെ ടോട്ടനത്തിന് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ 76 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ തന്റെ ഹാട്രിക് പൂർത്തിയാക്കിയ വിറ്റീനിയ പാരീസ് ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന മിനിറ്റുകളിൽ സാവി സിമൻസിന് എതിരായ മോശം ഫൗളിന് ലൂക്കാസ് ഹെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ടെങ്കിലും പാരീസ് ജയത്തിനെ അതൊന്നും ബാധിച്ചില്ല. നിലവിൽ ചാമ്പ്യൻസ് ലീഗ് ടേബിളിൽ പാരീസ് രണ്ടാമതും ടോട്ടനം 16 സ്ഥാനത്തും ആണ്.

അതേസമയം മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിൽ സീസണിൽ ഇത് വരെ പരാജയം അറിയാത്ത ഇന്റർ മിലാനെ 2-1 നു തോൽപ്പിച്ചു. സ്വന്തം മൈതാനത്ത് ഒമ്പതാം മിനിറ്റിൽ യൂലിയൻ അൽവാരസിലൂടെ സ്പാനിഷ് ടീം ആണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ സെലിൻസ്കിയുടെ ഗോളിൽ ഇന്റർ സമനില പിടിച്ചു. സമനില ഉറപ്പിച്ച മത്സരത്തിൽ ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ ഗ്രീൻസ്മാന്റെ പാസിൽ നിന്നു ഹോസെ ഹിമനസ് അത്ലറ്റികോക്ക് ജയം സമ്മാനിക്കുക ആയിരുന്നു. നിലവിൽ ചാമ്പ്യൻസ് ലീഗ് ടേബിളിൽ ഇന്റർ നാലാമതും 3 പോയിന്റ് പിറകിൽ അത്ലറ്റികോ ഒമ്പതാം സ്ഥാനത്തും ആണ്.














