തുടർച്ചയായ മൂന്നാം മത്സരത്തിലും മൂന്നിൽ അധികം ഗോളുകൾ വഴങ്ങി പരാജയപ്പെട്ടു ലിവർപൂൾ. 1953 നു ശേഷം ഇത് ആദ്യമായാണ് ലിവർപൂൾ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ മൂന്നു ഗോളുകൾ വഴങ്ങി തോൽക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ പി.എസ്.വിക്ക് എതിരെ സ്വന്തം മൈതാനം ആയ ആൻഫീൽഡിൽ 4-1 ന്റെ നാണം കെട്ട പരാജയം ആണ് ലിവർപൂൾ ഏറ്റുവാങ്ങിയത്. മത്സരം തീരുന്നതിനു മുമ്പ് ലിവർപൂൾ ആരാധകർ സ്റ്റേഡിയം വിടുന്ന കാഴ്ച ഇന്നും കാണാൻ ആയി. മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ലിവർപൂൾ മത്സരത്തിൽ പിന്നിൽ പോയി. വാൻ ഡെയ്കിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഇവാൻ പെരിസിച് ആണ് ഡച്ച് ടീമിനു മത്സരത്തിൽ മുൻതൂക്കം നൽകിയത്. എന്നാൽ 10 മിനിറ്റിനുള്ളിൽ ഡൊമിനിക് സബോസലായിലൂടെ ലിവർപൂൾ മത്സരത്തിൽ ഒപ്പമെത്തി.

ലിവർപൂളിന് ദുസ്വപ്നങ്ങൾ സമ്മാനിച്ച രണ്ടാം പകുതിയാണ് തുടർന്ന് കണ്ടത്. 27 ഷോട്ടുകൾ മത്സരത്തിൽ ഉതിർത്തെങ്കിലും അതൊന്നും ഡച്ച് ടീമിന്റെ പ്രതിരോധം ഒന്നു കൂടി വീഴ്ത്താൻ മതി ആയിരുന്നില്ല. 56 നത്തെ മിനിറ്റിൽ മൗറ ജൂനിയറിന്റെ പാസിൽ നിന്നു മികച്ച ഫിനിഷിലൂടെ ഗുസ് ടിൽ പി.എസ്.വിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. തുടർന്ന് പകരക്കാരൻ ആയി ഇറങ്ങിയ ചൗയിബ് ഡ്രിയൊയച് ആണ് ലിവർപൂൾ പരാജയത്തിന്റെ വ്യാപ്തി കൂട്ടിയത്. ഇറങ്ങി മൂന്നു മിനിറ്റിനുള്ളിൽ 73 മത്തെ മിനിറ്റിൽ ഗോൾ നേടിയ 23 കാരനായ മൊറോക്കൻ താരം 91 മത്തെ മിനിറ്റിൽ ഡസ്റ്റിന്റെ പാസിൽ നിന്നു ഗോൾ കണ്ടെത്തി ലിവർപൂൾ നാണക്കേട് പൂർത്തിയാക്കി. ലിവർപൂൾ പരിശീലകൻ ആർണെ സ്ലോട്ടിനു മേൽ ഈ പരാജയം കൂടുതൽ സമ്മർദ്ദം നൽകും എന്നുറപ്പാണ്. നിലവിൽ ചാമ്പ്യൻസ് ലീഗ് ടേബിളിൽ ലിവർപൂൾ 13 മതും പി.എസ്.വി 15 സ്ഥാനത്തും ആണ്.














