പെർത്തിൽ നടന്ന ആദ്യ ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകർത്ത് പരമ്പരയിൽ 1-0ന് മുന്നിലെത്തിയതിന് പിന്നാലെ, ബ്രിസ്‌ബേനിൽ നടക്കുന്ന ഡേ-നൈറ്റ് രണ്ടാം ആഷസ് ടെസ്റ്റിന് മുന്നോടിയായി ഓസ്‌ട്രേലിയക്ക് ആശ്വാസ വാർത്ത. പരിക്കിൽ നിന്ന് മുക്തരായി ഫാസ്റ്റ് ബൗളർമാരായ ജോഷ് ഹേസൽവുഡും പാറ്റ് കമ്മിൻസും സിഡ്‌നിയിലെ നെറ്റ്‌സിൽ പരിശീലനം പുനരാരംഭിച്ചു.
പെർത്ത് ടെസ്റ്റിന് തൊട്ടുമുമ്പ് ന്യൂ സൗത്ത് വെയിൽസിനായുള്ള ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ ഹാംസ്ട്രിംഗ് വലിവ് കാരണം ടീമിൽ നിന്ന് പുറത്തായ ഹേസിൽവുഡ് (34) പരമ്പരയിലെ ആദ്യ മത്സരം നഷ്ടപ്പെടുത്തിയിരുന്നു. സിഡ്‌നിയിലെ നെറ്റ്‌സിൽ അദ്ദേഹം റെഡ് ബോളിൽ പരിശീലനം നടത്തി. എങ്കിലും ഡിസംബർ 4-ന് ഗാബയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ അദ്ദേഹം കളിക്കാൻ സാധ്യതയില്ലെന്നാണ് ടീം മാനേജ്‌മെന്റ് സൂചിപ്പിക്കുന്നത്.
പുറം വേദനയെ തുടർന്ന് പെർത്ത് ടെസ്റ്റ് നഷ്ടപ്പെട്ട ക്യാപ്റ്റൻ കമ്മിൻസ്, ബ്രിസ്‌ബേനിലെ ഡേ-നൈറ്റ് സാഹചര്യങ്ങൾക്കായി പിങ്ക് ബോളിൽ പ്രത്യേക പരിശീലനം നടത്തി തന്റെ വർക്ക് ലോഡ് വർദ്ധിപ്പിച്ചു. പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡും താരത്തിന്റെ പുരോഗതിയെക്കുറിച്ച് നല്ല രീതിയിൽ സംസാരിച്ചെങ്കിലും, വീണ്ടും പരിക്കേൽക്കാനുള്ള സാധ്യത ഒഴിവാക്കാൻ മത്സരത്തോട് അടുത്ത് മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നും ഊന്നിപ്പറഞ്ഞു.














