ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ദയനീയ പരാജയം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ എവർട്ടൺ മത്സരത്തിന്റെ ഭൂരിഭാഗം സമയവും 10 പേരുമായി കളിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1-0 എന്ന സ്കോറിന് തോൽപ്പിച്ചു. സ്വന്തം ഹോം ഗ്രൗണ്ടിന്റെയോ എതിരാളികൾക്ക് ഒരാൾ കുറവാണെന്നതിന്റെയോ മുൻതൂക്കം മുതലാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല.

ഇന്ന് മത്സരം ആരംഭിച്ച് 13ആം മിനുറ്റിൽ എവർട്ടൺ താരങ്ങളായ മൈക്കിൾ കീനും ഇദ്രിസ ഗയയും തമ്മിലുണ്ടായ പ്രശ്നം കയ്യാങ്കളിയിൽ എത്തി. ഇദ്രിസ ഗയെ കീനിനെ മുഖത്ത് അടിച്ചതിന് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയി. എന്നാൽ 10 പേരായി ചുരുങ്ങിയിട്ടും എവർട്ടണ് നന്നായി കളിച്ചു. 29ആം മിനുറ്റിൽ ഡ്യൂസ്ബറി ഹാളിലൂടെ എവർട്ടൺ ലീഡ് എടുക്കുകയും ചെയ്തു.
ഇതിനു ശേഷം എവർട്ടൺ ഡിഫൻസിലേക്ക് നീങ്ങി. യുണൈറ്റഡിന് തുറന്ന അവസരങ്ങൾ നൽകാതെ പിടിച്ചു നിർത്താൻ എവർട്ടണായി. രണ്ടാം പകുതിയിൽ യുണൈറ്റഡ് നിരവധി മാറ്റങ്ങൾ വരുത്തി എങ്കിലും സമനില ഗോൾ അകന്നു നിന്നു. ലോംഗ് റേഞ്ച് എവേർട്ടുകൾ ഉൾപ്പെടെ നല്ല സേവുമായി പിക്ക്ഫോർഡും എവർട്ടണായി മികച്ചു നിന്നു.
ഈ പരാജയം യുണൈറ്റഡിന്റെ അഞ്ച് മത്സരങ്ങൾ ആയുള്ള അപരാജിത കുതിപ്പിന് അവസാനം കുറിച്ചു. അവർ ഇപ്പോൾ ലീഗിൽ 18 പോയിന്റുമായി 10ആം സ്ഥാനത്താണ്. ഇതേ പോയിന്റുള്ള എവർട്ടൺ 11ആം സ്ഥാനത്തും നിൽക്കുന്നു.














