റയൽ മാഡ്രിഡ് പരിശീലകൻ സാബി അലോൺസോയുമായുള്ള അസ്വാരസ്യം തുടരുന്നിടത്തോളം കാലം 2027 ജൂൺ വരെ കാലാവധിയുള്ള തന്റെ കരാർ പുതുക്കില്ലെന്ന് വിനീഷ്യസ് ജൂനിയർ ക്ലബ്ബിനെ അറിയിച്ചു. ജനുവരിയിൽ ആരംഭിച്ച കരാർ വിപുലീകരണ ചർച്ചകൾ വ്യക്തിപരമായ കാര്യങ്ങളിലും വിനീഷ്യസും അലോൺസോയും തമ്മിലുള്ള പ്രശ്നങ്ങളിലും ഉടക്കി നിന്നു എന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.

അടുത്തിടെ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ, തന്നെ പിൻവലിച്ചതിനെതിരെ വിനീഷ്യസ് പരസ്യമായി നിരാശ പ്രകടിപ്പിച്ചതിന് പിന്നാലെ ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിലവിലെ സാഹചര്യത്തിൽ കരാർ പുതുക്കുന്നത് പ്രായോഗികമല്ലെന്ന് താരം വ്യക്തമാക്കി. ഈ സീസണിലുടനീളം വർധിച്ചുവന്ന ഈ സംഘർഷം നിലവിൽ ക്ലബ്ബിനുള്ളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ പരിശീലകനായി ചുമതലയേറ്റ അലോൺസോയ്ക്ക് ടീമിലെ വിനീഷ്യസിന്റെ പങ്ക് കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇത് താരത്തെ നിരവധി തവണ ബെഞ്ചിലിരുത്തുന്നതിനും മത്സരങ്ങളിൽ സ്ഥാനം തെറ്റിച്ചുള്ള കളിപ്പിക്കലിനും കാരണമായി, ഇത് താരത്തിന്റെ അതൃപ്തി വർദ്ധിപ്പിച്ചു.
വിനീഷ്യസിന് പ്രതിവർഷം 20 മില്യൺ യൂറോ അറ്റവരുമാനം നൽകുന്ന കരാർ പുതുക്കാനുള്ള ഓഫർ റയൽ മാഡ്രിഡ് നൽകിയിരുന്നുവെങ്കിലും താരം അത് നിരസിച്ചു. ബോണസുകൾ ഉൾപ്പെടെ പ്രതിവർഷം 30 മില്യൺ യൂറോ വരെ നൽകുന്ന ഒരു ചരിത്രപരമായ പാക്കേജ് താരത്തിന്റെ പ്രതിനിധികൾ ആവശ്യപ്പെട്ടു, ഇത് ക്ലബ് അംഗീകരിച്ചിട്ടില്ല.














