കൂച്ച് ബെഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളം 110 റൺസിന് പുറത്ത്

Newsroom

Cricket
Download the Fanport app now!
Appstore Badge
Google Play Badge 1

വയനാട്: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് ബാറ്റിങ് തകർച്ച. കേരളം ആദ്യ ഇന്നിങ്സിൽ 110 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര ആദ്യ ദിവസം കളി നി‍ർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിലാണ്.

ടോസ് നേടിയ സൗരാഷ്ട്ര കേരളത്തെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ജോയ്ഫിനും സംഗീത് സാഗറും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് 31 റൺസ് വരെ മാത്രമാണ് നീണ്ടത്. ഒൻപത് റൺസെടുത്ത സംഗീതിൻ്റെ പുറത്താകൽ ബാറ്റിങ് തകർച്ചയുടെ തുടക്കമായി. 21 റൺസെടുത്ത ജോയ്ഫിനും ഹൃഷികേശും അടുത്തടുത്ത പന്തുകളിൽ പുറത്തായി. തൊട്ടുപിറകെ ജോബിൻ ജോബിയും ഔട്ടായതോടെ നാല് വിക്കറ്റിന് 48 റൺസെന്ന നിലയിലായിരുന്നു കേരളം. ക്യാപ്റ്റൻ മാനവ് കൃഷ്ണയും അമയ് മനോജും ചേർന്ന് അഞ്ചാം വിക്കറ്റിൽ 34 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 19 റൺസെടുത്ത അമയ് പുറത്തായത് വീണ്ടുമൊരു തകർച്ചയ്ക്ക് തുടക്കമിട്ടു. 110 റൺസിന് കേരളത്തിൻ്റെ ഇന്നിങ്സിന് അവസാനമായി. 37 റൺസെടുത്ത ക്യാപ്റ്റൻ മാനവ് കൃഷ്ണയാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. സൗരാഷ്ട്രയ്ക്ക് വേണ്ടി വത്സൽ പട്ടേലും ദേവർഷും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയ്ക്കും തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണർ കരൺ ഗധാവിയെ ദേവഗിരി പുറത്താക്കിയപ്പോൾ രുദ്ര ലഖാന പരിക്കേറ്റ് റിട്ടയേഡ് ഹർട്ടായി മടങ്ങി. 17 റൺസെടുത്ത മയൂർ റാഥോഡിനെ തോമസ് മാത്യു ക്ലീൻ ബൗൾഡാക്കി. മഴയെ തുടർന്ന് കളി നേരത്തെ നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 63 റൺസെന്ന നിലയിലാണ് സൗരാഷ്ട്ര.