കൊൽക്കത്ത ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ ശുഭ്മാൻ ഗിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി. ഗുവാഹത്തിയിലെ രണ്ടാം ടെസ്റ്റിൽ കളിക്കാതിരുന്ന ഗിൽ വരാനിരിക്കുന്ന ലിമിറ്റഡ് ഓവർ മത്സരങ്ങളിലും കളിക്കില്ല.

രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ഏകദിന ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഒരുങ്ങുകയായിരുന്ന ഗില്ലിന്റെ അഭാവം ടീം ഇന്ത്യയെ ബാധിക്കും. ശ്രേയസ് അയ്യരും വാരിയെല്ലിനേറ്റ പരിക്ക് കാരണം പുറത്തായതോടെ, ഗില്ലിന്റെ അഭാവത്തിൽ ടീമിനെ നയിക്കാൻ കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവരിൽ ആരെ തിരഞ്ഞെടുക്കുമെന്ന നിർണായക തീരുമാനമാണ് ബി.സി.സി.ഐ. സെലക്ഷൻ കമ്മിറ്റിക്ക് മുന്നിലുള്ളത്. ഗുവാഹത്തിയിൽ ടീമിന്റെ ചുമതല ഏറ്റെടുത്ത പന്ത് തന്നെയാണ് സാധ്യതയിൽ മുന്നിൽ. രാഹുലും ഈ സ്ഥാനത്തിനായി പരിഗണനയിലുണ്ട്.














