ജർമ്മൻ ബുണ്ടസ് ലീഗയിൽ കഴിഞ്ഞ മത്സരത്തിൽ വഴങ്ങിയ സമനിലയിൽ നിന്നു വിജയവഴിയിൽ തിരിച്ചെത്തി ബയേൺ മ്യൂണിക്. ഫ്രയ്ബർഗിന് എതിരെ ആദ്യ 17 മിനിറ്റിൽ രണ്ടു ഗോളിന് പിന്നിൽ പോയ ശേഷമാണ് ബയേൺ വമ്പൻ തിരിച്ചു വരവ് നടത്തി 6-2 ന്റെ വലിയ ജയം കുറിച്ചത്. ചാമ്പ്യൻസ് ലീഗിൽ ആഴ്‌സണലിനെ നേരിടുന്നതിന് മുമ്പ് വലിയ ആത്മവിശ്വാസം ആവും ബയേണിനു ഈ ജയം നൽകുക. തുടക്കത്തിലെ ഞെട്ടലിന് ശേഷം ബയേണിന്റെ സമ്പൂർണ ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്.

22 മത്തെ മിനിറ്റിൽ ലെനാർട്ട് കാർലിന്റെ ഗോളിന് അവസരം ഒരുക്കിയ മൈക്കിൾ ഒലിസെ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ബയേണിനു മത്സരത്തിൽ സമനില സമ്മാനിച്ചു. രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ ഉപമകാനോയുടെ ഗോളിനും ഒലിസെ അവസരം ഒരുക്കി. തുടർന്ന് 60 മത്തെ മിനിറ്റിൽ ഹാരി കെയിൻ ഗോൾ നേടിയതോടെ ബയേൺ ജയം ഉറപ്പിച്ചു. 78 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ നിക്കോളാസ് ജാക്സന്റെ ഗോളിന് അവസരം ഒരുക്കി ഹാട്രിക് അസിസ്റ്റുകൾ നേടിയ ഒലിസെ 84 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോളിലൂടെ ബയേണിന്റെ വലിയ ജയവും പൂർത്തിയാക്കി. ലീഗിൽ എതിരാളികൾ ഇല്ലാതെ ബയേൺ കുതിക്കുകയാണ്.














