പാരിസ് സെന്റ് ജെർമെയ്നെതിരായ (പി.എസ്.ജി.) ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച ബയേൺ മ്യൂണിക്ക് വിംഗർ ലൂയിസ് ഡയസിന് യുവേഫ മൂന്ന് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി. പാരിസിൽ നടന്ന മത്സരത്തിൽ 2-1ന് ബയേൺ ജയിച്ചപ്പോൾ രണ്ട് ഗോളുകളും നേടിയത് ഡയസായിരുന്നു. എന്നാൽ പി.എസ്.ജി. താരം അഷ്റഫ് ഹക്കിമിക്കെതിരായ കടുത്ത ഫൗളിനെ തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഡയസിനെ പുറത്താക്കി.

ഈ സംഭവത്തിൽ ഹക്കിമിക്ക് കണങ്കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതോടെ മൊറോക്കോ താരം ലിഗ് 1 മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. തുടക്കത്തിൽ, ആഴ്സണലിനെതിരായ അടുത്ത മത്സരത്തിൽ മാത്രമായിരിക്കും ഡയസിന്റെ അഭാവം എന്ന് ബയേൺ മാനേജർ വിൻസെന്റ് കോമ്പനി പ്രതീക്ഷിച്ചിരുന്നു. എന്നാൽ യുവേഫയുടെ വിലക്ക് കാരണം കൊളംബിയൻ താരത്തിന് സ്പോർട്ടിംഗ്, യൂണിയൻ സെന്റ് ഗില്ലോയിസ് എന്നിവയ്ക്കെതിരായ ബയേണിന്റെ നിർണ്ണായക ഹോം മത്സരങ്ങളും നഷ്ടമാകും.














