ഐ.പി.എൽ. 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി റുതുരാജ് ക്യാപ്റ്റൻസിയിൽ കളിക്കാൻ താൻ കാത്തിരിക്കുക ആണെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ സഞ്ജു സാംസൺ. 18 കോടി രൂപയുടെ വലിയ തുകയ്ക്ക് രാജസ്ഥാൻ റോയൽസിൽ നിന്ന് സി.എസ്.കെ.യിലേക്ക് എത്തിയ സഞ്ജു, റുതുരാജിനെ ശാന്തനും, സമചിത്തതയോടെ കാര്യങ്ങൾ ചെയ്യുന്ന, സൗമ്യനായ ഒരു നേതാവായാണ് വിശേഷിപ്പിച്ചത്.
അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകാൻ താൻ തയ്യാറാണെന്നും സഞ്ജു പറഞ്ഞു. റുതുരാജുമായി തന്റെ വ്യക്തിപരമായ ബന്ധവും ഐ.പി.എല്ലിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നിൽ ചേരുന്നതിലുള്ള ആവേശവും സഞ്ജു എടുത്തുപറഞ്ഞു. റുതുരാജ് തന്നെ പോലെ ശാന്തനാണെന്നും അദ്ദേഹം പറഞ്ഞു.
സി.എസ്.കെ.യിലെ പോസിറ്റീവായ ഡ്രസ്സിംഗ് റൂം അന്തരീക്ഷത്തെക്കുറിച്ച് നിരവധി ഇന്ത്യൻ, അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളിൽ നിന്ന് കേട്ടിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. ഐ.പി.എൽ. ചരിത്രത്തിലെ ഏറ്റവും വലുതും കൂടുതൽ തവണ ചാമ്പ്യൻമാരായതുമായ ടീമുകളിൽ ഒന്നാണ് സി.എസ്.കെ. എന്നും മഞ്ഞ ജേഴ്സി അണിയാൻ കഴിഞ്ഞതിൽ ഭാഗ്യവാനും ആവേശഭരിതനുമാണെന്നും സഞ്ജു കൂട്ടിച്ചേർത്തു.














