തൃശൂർ: അമൂൽ സംഘടിപ്പിക്കുന്ന സ്പോർട്സ്. കോം സൂപ്പർ ലീഗ് കേരളയിൽ തുടർച്ചയായ രണ്ടാം മത്സരവും സമനിലയിൽ അവസാനിച്ചു. എട്ടാം റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ തൃശൂർ മാജിക് എഫ്സിയും തിരുവനന്തപുരം കൊമ്പൻസ് എഫ്സിയുമാണ് ഓരോ ഗോൾ വീതമടിച്ച് പിരിഞ്ഞത് (1-1). കൊമ്പൻസിന്റെ ഗോൾ
പൗളോ വിക്ടറും തൃശൂരിന്റെ ഗോൾ
ഫൈസൽ അലിയും നേടി. എട്ട് കളികളിൽ 14 പോയന്റുമായി തൃശൂർ പട്ടികയിൽ രണ്ടാംസ്ഥാനത്താണ്. 11പോയന്റുള്ള കൊമ്പൻസ് മൂന്നാമത്.

ആദ്യ ഇലവനിൽ അഞ്ച് മാറ്റങ്ങളുമായാണ് ആതിഥേയരായ തൃശൂർ എട്ടാം മത്സരത്തിന് കോർപറേഷൻ സ്റ്റേഡിയത്തിലിറങ്ങിയത്. അഞ്ചാം മിനിറ്റിൽ തന്നെ തിരുവനന്തപുരം ഗോളടിച്ചു. ഷാഫിയിൽ നിന്ന് വന്ന പന്ത് തൃശൂരിന്റെ മുഹമ്മദ് ജിയാദിന് ക്ലിയർ ചെയ്യാൻ കഴിയാതിരുന്നതോടെഓടിപ്പിടിച്ച പൗളോ വിക്ടർ ഗോളാക്കി മാറ്റി (1-0). ലീഗിൽ ബ്രസീലുകാരൻ നേടുന്ന രണ്ടാമത്തെ ഗോൾ.
പതിനാറാം മിനിറ്റിൽ തൃശൂർ തിരിച്ചടിച്ചു. ഇവാൻ മാർക്കോവിച്ചിന്റെ പാസ് കെവിൻ ജാവിയർ നീക്കി നൽകിയപ്പോൾ ഫൈസൽ അലി ഫസ്റ്റ് ടൈം ടച്ചിൽ പന്ത് വലയിലാക്കി (1-1).
ഇരുപത്തിയാറാം മിനിറ്റിൽ എതിരാളികളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞു മുന്നേറിയ കൊമ്പൻസിന്റെ റൊണാൾഡ് നടത്തിയ ശ്രമം ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു. ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ ഇരുഭാഗത്ത് നിന്നും ആസൂത്രിതമായ നീക്കങ്ങളൊന്നും പിറന്നില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മുഹമ്മദ് ഷാഫിയെ പിൻവലിച്ച കൊമ്പൻസ് മുഹമ്മദ് അസ്ഹറിനെ കൊണ്ടുവന്നു. കെവിൻ ജാവിയറിനെ കാൽവെച്ചുവീഴ്ത്തിയ കൊമ്പൻസിന്റെ ജാസിമിന് റഫറി മഞ്ഞക്കാർഡ് നൽകി. കളി അവസാന അരമണിക്കൂറിലേക്ക് കടന്നതോടെ കൊമ്പൻസ് യദു കൃഷ്ണ, ബിബിൻ ബോബൻ എന്നിവർക്കും തൃശൂർ നവീൻ കൃഷ്ണ, ഉമാശങ്കർ എന്നിവർക്കും അവസരം നൽകി.
എഴുപത്തിമൂന്നാം മിനിറ്റിൽ കെവിൻ ജാവിയർ എടുത്ത ഫ്രീകിക്ക് കൊമ്പൻസിന്റെ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി. കളി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ റൊണാൾഡ് പറത്തിയ ഷോട്ട് തൃശൂർ ഗോളി കമാലുദ്ധീൻ തട്ടിത്തെറിപ്പിച്ചു.
തിരുവനന്തപുരത്ത് നടന്ന ആദ്യപാദ മത്സരത്തിൽ തൃശൂർ ഒരു ഗോളിന് കൊമ്പൻസിനെ തോൽപ്പിച്ചിരുന്നു.
ഞായറാഴ്ച (നവംബർ 23) എട്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി, ഫോഴ്‌സ കൊച്ചി എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.
ലൈവ്:
മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇവിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം.














