ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനെ പ്രതിനിധീകരിക്കുന്നതിന് റയാൻ വില്യംസിന് ഫിഫയുടെ പ്ലെയേഴ്‌സ് സ്റ്റാറ്റസ് ചേംബർ ഔദ്യോഗികമായി അനുമതി നൽകി. 2025 നവംബർ 19-ന് എടുത്ത ഈ തീരുമാനത്തോടെ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യക്കായി കളിക്കാൻ വില്യംസിന് സാധിക്കും. ഫുട്ബോൾ ഓസ്‌ട്രേലിയയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി.) ലഭിക്കുകയും ഫിഫക്ക് നൽകേണ്ട അസോസിയേഷൻ മാറ്റത്തിനായുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കുകയും ചെയ്തതോടെ വില്യംസ് യോഗ്യതാ മാനദണ്ഡങ്ങൾ എല്ലാം പൂർത്തിയാക്കി.
ഇന്ത്യൻ വംശജനായ ഓസ്‌ട്രേലിയൻ പ്ലെയറായ വില്യംസ് ഇന്ത്യയെ പ്രതിനിധീകരിക്കാൻ യോഗ്യനാകുന്നതിനായി തന്റെ ഓസ്‌ട്രേലിയൻ പൗരത്വം ഉപേക്ഷിച്ചിരുന്നു. ഈ അംഗീകാരം ഇന്ത്യൻ ഫുട്ബോളിന് ഒരു പ്രധാന നാഴികക്കല്ലാണ്. ഔദ്യോഗികമായി ക്ലിയറൻസ് ലഭിച്ചതോടെ വരാനിരിക്കുന്ന മത്സരങ്ങളിൽ വില്യംസിനെ ടീമിൽ തിരഞ്ഞെടുക്കാം. നേരത്തെ, ഫിഫയുടെ അനുമതി ലഭിക്കാത്തതിനാൽ ബംഗ്ലാദേശിനെതിരായ സമീപകാല എ.എഫ്.സി. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.














