പുരുഷന്മാരുടെ അണ്ടർ-19 ലോകകപ്പിന്റെ 16-ാം പതിപ്പ് 2026 ജനുവരി 15 മുതൽ ഫെബ്രുവരി 6 വരെ സിംബാബ്വെയിലും നമീബിയയിലുമായി നടക്കും. ടൂർണമെന്റിന്റെ ഔദ്യോഗിക മത്സരക്രമങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇന്ത്യ ഗ്രൂപ്പ് എയിൽ ആണ്. സിംബാബ്വെയിലെയും നമീബിയയിലെയും അഞ്ച് വേദികളിലായാണ് മത്സരങ്ങൾ നടക്കുക.
ഇതാദ്യമായി ടൂർണമെന്റിൽ പങ്കെടുക്കുന്ന ടാൻസാനിയ, 2020 ന് ശേഷം രണ്ടാം തവണ കളിക്കുന്ന ജപ്പാൻ എന്നിവയും ഈ ലോകകപ്പിൽ ഉണ്ടാകും. ഗ്രൂപ്പുകൾക്കുള്ളിലെ റൗണ്ട്-റോബിൻ മത്സരങ്ങളോടെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. തുടർന്ന് ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്ന് സ്ഥാനക്കാർ സൂപ്പർ സിക്സ് ഘട്ടത്തിലേക്ക് മുന്നേറും.
ഫെബ്രുവരി 3, 4 തീയതികളിൽ സെമിഫൈനലുകളും നടക്കും. ഫൈനൽ ഹരാരെ സ്പോർട്സ് ക്ലബ്ബിൽ വെച്ചാണ് നടക്കുക. മറ്റ് മത്സരങ്ങൾക്ക് തകാഷിംഗ സ്പോർട്സ് ക്ലബ്, ക്വീൻസ് സ്പോർട്സ് ക്ലബ്, നമീബിയ ക്രിക്കറ്റ് ഗ്രൗണ്ട്, എച്ച്പി ഓവൽ എന്നിവിടങ്ങളും വേദിയാകും.
ടീമുകളും ഫോർമാറ്റും:
- ഗ്രൂപ്പ് എ: ഇന്ത്യ, ബംഗ്ലാദേശ്, യു.എസ്.എ., ന്യൂസിലൻഡ്
- ഗ്രൂപ്പ് ബി: സിംബാബ്വെ, പാകിസ്ഥാൻ, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്
- ഗ്രൂപ്പ് സി: ഓസ്ട്രേലിയ, അയർലൻഡ്, ജപ്പാൻ, ശ്രീലങ്ക
- ഗ്രൂപ്പ് ഡി: ടാൻസാനിയ, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക














