ലണ്ടൻ: ബ്രസീലിനായി അന്താരാഷ്ട്ര മത്സരത്തിനിടെ വലത് തുടയിലെ പേശീവലിവ് കാരണം ആഴ്‌സണൽ ഡിഫൻഡർ ഗബ്രിയേൽ കൂടുതൽ മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകും. താരത്തിന് രണ്ട് മാസം വരെ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നേക്കുമെന്ന ആശങ്കയിലാണ് ആഴ്‌സണൽ.

എമിറേറ്റ്സിൽ സെനഗലിനെതിരെ 2-0 ന് വിജയിച്ച മത്സരത്തിനിടെയാണ് പരിക്കേറ്റത്. വേദന പ്രകടിപ്പിച്ചതിനെ തുടർന്ന് ഉടൻ ചികിത്സ നൽകുകയും താരത്തെ കളം വിടുകയും ചെയ്തിരുന്നു. വരുന്ന എട്ട് ആഴ്ചകളിൽ ടോട്ടൻഹാം, ബയേൺ മ്യൂണിക്ക്, ചെൽസി എന്നിവയ്‌ക്കെതിരായ പ്രധാന മത്സരങ്ങൾ ഉൾപ്പെടെ 14 ഗെയിമുകൾ കളിക്കാനിരിക്കുന്ന ആഴ്‌സണലിന് ഇത് നിർണായക സമയമാണ്. ഈ സീസണിൽ പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരു മിനിറ്റ് പോലും നഷ്ടപ്പെടുത്താത്ത പ്രധാന പ്രതിരോധ താരമാണ് ഗബ്രിയേൽ. താരത്തിന്റെ അഭാവം പരിശീലകൻ മൈക്കൽ അർട്ടേറ്റയുടെ ടീമിന് തിരിച്ചടിയാണ്.














