1998 നു ശേഷം 28 വർഷത്തിന് ശേഷം ആദ്യമായി ഫിഫ ലോകകപ്പ് യോഗ്യത ഔദ്യോഗികമായി ഉറപ്പിച്ചു നോർവെ. ലോകകപ്പ് യോഗ്യത റൗണ്ടിലെ എട്ട് മത്സരങ്ങളും ജയിച്ചു ഗ്രൂപ്പ് ഐ തലവന്മാർ ആയാണ് നോർവെ ലോകകപ്പിന് ടിക്കറ്റ് എടുത്തത്. ലോകകപ്പ് നേരിട്ടുള്ള യോഗ്യതക്ക് റെക്കോർഡ് ജയം വേണമായിരുന്ന ഇറ്റലിയെ അവരുടെ നാട്ടിൽ 4-1 ആണ് നോർവെ തകർത്തത്. പ്ലെ ഓഫ് യോഗ്യത നേടാൻ ആണ് ഇറ്റലിക്ക് ആയത്. പതിവ് പോലെ അവിശ്വസനീയ ഫോമിലുള്ള ഏർലിങ് ഹാളണ്ട് ആണ് നോർവെക്ക് വലിയ ജയം ഒരുക്കിയത്. ഇരട്ടഗോൾ നേടിയ താരം 8 ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നു 16 ഗോളുകൾ ആണ് നേടിയത്. ഈ സീസണിൽ 19 കളികളിൽ നിന്നു 32 ഗോളുകൾ നേടിയ ഹാളണ്ട് രാജ്യത്തിനു ആയി 48 കളികളിൽ നിന്നു 55 ഗോളുകളും പൂർത്തിയാക്കി.

11 മത്തെ മിനിറ്റിൽ ഫ്രാൻസെസ്കോ എസ്പോസിറ്റോയിലൂടെ മുന്നിൽ എത്തിയ ഇറ്റലി പക്ഷെ രണ്ടാം പകുതിയിൽ തകരുന്നത് ആണ് പിന്നീട് കണ്ടത്. 63 മത്തെ മിനിറ്റിൽ സോർലോത്തിന്റെ പാസിൽ നിന്നു അന്റോണിയോ നുസ നോർവെയുടെ സമനില ഗോൾ നേടി. 78 മത്തെ മിനിറ്റിൽ ഓസ്കാർ ബോബിന്റെ പാസിൽ നിന്നു തന്റെ ആദ്യ ഗോൾ നേടിയ ഹാളണ്ട് ടീമിന് മത്സരത്തിൽ ആദ്യമായി മുൻതൂക്കം നൽകി. തൊട്ടടുത്ത മിനിറ്റിൽ രണ്ടാം ഗോൾ തോർസ്‌ബിയുടെ പാസിൽ നിന്നും നേടിയ ഹാളണ്ട് നോർവെ ജയവും ഉറപ്പിച്ചു. ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ തോർസ്‌ബിയുടെ തന്നെ പാസിൽ നിന്നു ഗോൾ നേടിയ ഹാളണ്ടിന് പകരക്കാരനായി ഇറങ്ങിയ സ്ട്രാന്റ്-ലാർസൻ ആണ് നോർവെ ജയം പൂർത്തിയാക്കിയത്. പ്ലെ ഓഫ് കളിച്ചു ലോകകപ്പിന് എത്താൻ ആവും കഴിഞ്ഞ 2 ലോകകപ്പിലും യോഗ്യത നേടാൻ ആവാത്ത നാലു തന്നെ ലോക ജേതാക്കൾ ആയ ഇറ്റാലിയൻ ടീമിന്റെ ഇനിയുള്ള ശ്രമം.














