ഫിഫ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു പോർച്ചുഗൽ. സസ്‌പെൻഡ് ചെയ്യപ്പെട്ട ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗൽ പോർട്ടോയിൽ അർമേനിയയെ ഒന്നിനെതിരെ 9 ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്. ജയത്തോടെ ഗ്രൂപ്പ് എഫിൽ 13 പോയിന്റുകളും ആയി ഗ്രൂപ്പ് ജേതാക്കൾ ആയി ലോകകപ്പിന് നേരിട്ടുള്ള യോഗ്യത അവർ ഉറപ്പിച്ചു. കളിയിൽ സമ്പൂർണ ആധിപത്യം പുലർത്തിയ പോർച്ചുഗൽ അർമേനിയയെ അക്ഷരാർത്ഥത്തിൽ തകർത്തു കളഞ്ഞു.

റെനാറ്റോ വീഗയിലൂടെ ഏഴാം മിനിറ്റിൽ ഗോൾ വേട്ട തുടങ്ങിയ പോർച്ചുഗലിനു എതിരെ 18 മത്തെ മിനിറ്റിൽ അർമേനിയ സമനില ഗോൾ കണ്ടെത്തി. എന്നാൽ തുടർന്ന് കണ്ടത് പോർച്ചുഗീസ് പടയോട്ടം ആയിരുന്നു. ആദ്യ പകുതിയിൽ തന്നെ ഗോൺസാലോ റാമോസിന്റെ ഗോൾ, ജാവോ നെവസിന്റെ ഇരട്ടഗോൾ, ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽട്ടി ഗോൾ എന്നിവയിലൂടെ പോർച്ചുഗൽ 5-1 നു മുന്നിൽ എത്തി. രണ്ടാം പകുതിയിൽ ഇരട്ടഗോൾ നേടി ബ്രൂണോ ഫെർണാണ്ടസ് തന്റെ ഹാട്രിക് പൂർത്തിയാക്കിയപ്പോൾ 81 മത്തെ മിനിറ്റിൽ ഗോൾ നേടിയ ജാവോ നെവസ് തന്റെ ഹാട്രിക്കും പൂർത്തിയാക്കി. 92 മത്തെ മിനിറ്റിൽ കോൻസിയാസോ ആണ് പോർച്ചുഗീസ് ജയം പൂർത്തിയാക്കിയത്.














