തിരുവനന്തപുരം – രഞ്ജി ട്രോഫിയിൽ കേരളം നാളെ മധ്യപ്രദേശിനെതിരെ. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ കളിയിൽ സൗരാഷ്ട്രയ്ക്കെതിരെ കാഴ്ചവച്ച മികച്ച പ്രകടനത്തിൻ്റെ ആത്മവിശ്വാസവുമായാണ് കേരളം കളിക്കാനിറങ്ങുക. ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിൽ മത്സരത്തിൽ നിന്ന് കേരളം മൂന്ന് പോയിൻ്റ് സ്വന്തമാക്കിയിരുന്നു. ഇതുൾപ്പടെ കേരളത്തിന് ആകെ അഞ്ച് പോയിൻ്റാണുള്ളത്. മറുവശത്ത് നാല് കളികളിൽ നിന്ന് 15 പോയിൻ്റുമായി ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ്.

മധ്യപ്രദേശിനെതിരായ മത്സരത്തിന് മുന്നോടിയായി കേരള ടീമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരിക്കിനെ തുടർന്ന് എ കെ ആകർഷിനെയും എൻ പി ബേസിലിനെയും ടീമിൽ നിന്ന് ഒഴിവാക്കി. പകരം അഭിഷേക് ജെ നായർ, അഭിജിത് പ്രവീൺ, വൈശാഖ് ചന്ദ്രൻ, ശ്രീഹരി എസ് നായർ, വി അജിത് എന്നിവരെ ഉൾപ്പെടുത്തി 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറുവശത്ത് ശുഭം ശർമ്മയുടെ കീഴിലാണ് മധ്യപ്രദേശ് കളിക്കാനിറങ്ങുക. യഷ് ദുബെ, ഹർപ്രീത് സിങ് തുടങ്ങിയ മികവുറ്റ താരങ്ങളും മധ്യപ്രദേശ് ടീമിലുണ്ട്.
കേരള ടീം – മൊഹമ്മദ് അസറുദ്ദീൻ, അഭിഷേക് പി നായർ, അഭിഷേക് ജെ നായർ, കൃഷ്ണപ്രസാദ്, രോഹൻ എസ് കുന്നുമ്മൽ, അഹ്മദ് ഇമ്രാൻ, സച്ചിൻ ബേബി, ബാബ അപരാജിത്, വരുൺ നായനാർ, നിധീഷ് എം ഡി, ഏദൻ ആപ്പിൾ ടോം, അഭിജിത് പ്രവീൺ, ഹരികൃഷ്ണൻ എം യു, വൈശാഖ് ചന്ദ്രൻ, അങ്കിത് ശർമ്മ, സിബിൻ പി ഗിരീഷ്, ശ്രീഹരി എസ് നായർ, അജിത് വി.














