ചെന്നൈ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താരക്കൈമാറ്റങ്ങളിലൊന്നിൽ ചെന്നൈ സൂപ്പർ കിംഗ്സും (CSK) രാജസ്ഥാൻ റോയൽസും (RR) തമ്മിലുള്ള വമ്പൻ ഡീൽ അന്തിമമായി. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും സ്റ്റാർ ബാറ്റ്സ്മാനുമായ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിൽ ചേരുമ്പോൾ, രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനും രാജസ്ഥാൻ റോയൽസിലേക്ക് മാറും. ബിസിസിഐ ഈ ട്രേഡിന് അംഗീകാരം നൽകിക്കഴിഞ്ഞു.

ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ വിക്കറ്റ് കീപ്പർ-ടോപ്പ് ഓർഡർ ബാറ്റ്സ്മാൻ എന്ന സ്ഥാനത്തേക്ക് കഴിഞ്ഞ മൂന്ന് വർഷമായി സഞ്ജുവിനെ ടീമിലെത്തിക്കാൻ സിഎസ്കെ ശ്രമിച്ചിരുന്നു. അതിന്റെ ഫലമായാണ് ഈ കൈമാറ്റം. ഈ മാറ്റം അദ്ദേഹത്തിന്റെ ഐപിഎൽ കരിയറിന് പുതിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തൽ.
മറുവശത്ത്, ജഡേജ 2012 മുതൽ സിഎസ്കെയുടെ അവിഭാജ്യ ഘടകവും ടീമിന്റെ പല ഐപിഎൽ കിരീടങ്ങളിലും നിർണായക പങ്ക് വഹിക്കുകയും ചെയ്ത താരമാണ്. എന്നിരുന്നാലും, ടീം തന്ത്രങ്ങളിലെ മാറ്റങ്ങളും മറ്റ് കളിക്കാരുടെ വളർച്ചയും കാരണം ജഡേജയെ സാം കറനൊപ്പം ട്രേഡ് ചെയ്യാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു.














