2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലൻഡിനോട് 2-0-ന് പരാജയപ്പെട്ടതോടെ പോർച്ചുഗലിന്റെ യോഗ്യത വൈകി. 40-കാരനായ റൊണാൾഡോ പ്രതിരോധ താരം ദാരാ ഒ’ഷിയയുടെ നേർക്ക് കൈമുട്ട് ഉപയോഗിച്ചതിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ രാത്രി പോർച്ചുഗലിന് തീർത്തും നിരാശജനകമായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയ ട്രോയ് പാരറ്റാണ് അയർലൻഡിന്റെ വിജയശിൽപ്പി. ലിയാം സ്കേൽസിന്റെ അസിസ്റ്റിൽ നിന്ന് മനോഹരമായ ഹെഡ്ഡറിലൂടെ ആദ്യ ഗോളും, ഇടവേളയ്ക്ക് തൊട്ടുമുമ്പ് കൃത്യമായ ഫിനിഷിലൂടെ രണ്ടാമത്തെ ഗോളും പാരറ്റ് നേടി. പാരറ്റിന്റെ ഈ പ്രകടനം അയർലൻഡിൻ്റെ ലോകകപ്പ് സ്വപ്നം നിലനിർത്തുകയും ചെയ്തു.
റോബർട്ടോ മാർട്ടിനെസിന്റെ കീഴിലുള്ള പോർച്ചുഗൽ പന്തടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോളിന് മുന്നിൽ താളം കണ്ടെത്താൻ കഴിഞ്ഞില്ല. ജാവോ ഫെലിക്സ്, ജാവോ നെവെസ് എന്നിവർക്ക് ഗോളിനടുത്തെത്താൻ കഴിഞ്ഞെങ്കിലും ലക്ഷ്യത്തിലെത്താൻ കഴിഞ്ഞില്ല.
റൊണാൾഡോ ചുവപ്പ് പുറത്തായതോടെ, ഇനി ഒരു യോഗ്യതാ മത്സരം മാത്രം ശേഷിക്കെ പോർച്ചുഗലിൻ്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് ആശങ്കയിലാണ്. ഈ തോൽവിയിലും പോർച്ചുഗൽ 10 പോയിൻ്റുമായി ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും, ഹംഗറിയും അയർലൻഡും അധികം പിന്നിലല്ല. ഞായറാഴ്ച അവസാന യോഗ്യത മത്സരം ജയിച്ച് 2026 ലോകകപ്പ് യോഗ്യത ഉറപ്പിക്കുക ആകും പോർച്ചുഗീസ് ലക്ഷ്യം.














