തൃശൂർ, 13/11/2025 :സൂപ്പർ ലീഗ് കേരളയുടെ അഭിമാനമായി തൃശൂർ മാജിക് എഫ് സി താരം കമാലുദ്ധീൻ എ കെ ഇന്ത്യൻ ടീമിൽ. തായ്‌ലൻഡിനെതിരെയായ് ഇന്ത്യൻ അണ്ടർ 23 ടീമിന്റെ സൗഹൃദ മത്സരത്തിനുള്ള സംഘത്തിലാണ് തൃശ്ശൂർ അക്കിക്കാവ് സ്വദേശിയായ കമാലുദ്ധീൻ ഇടം നേടിയത്.

21 കാരനായ കമാലുദ്ധീൻ മിന്നും പ്രകടനമാണ് സൂപ്പർ ലീഗ് കേരള സീസൺ 2 വിൽ ഇതുവരെ നടത്തിയിട്ടുള്ളത്. തൃശ്ശൂരിന്റെ 5 മത്സരങ്ങളിലും ഗോൾവല കാക്കാനിറങ്ങിയ കമാലുദ്ധീൻ 3 ക്ലീൻ ഷീറ്റുകൾ നേടി ലീഗിലെ മികച്ച ഗോൾകീപ്പർമാരുടെ പട്ടികയിൽ മുന്നിൽ തന്നെയുണ്ട്. സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ നിറം മങ്ങിയ തൃശ്ശൂർ മാജിക് എഫ് സി, രണ്ടാം സീസണിൽ റഷ്യൻ പരിശീലകനായ ആൻഡ്രെ ചെർണിഷോവിന്റെ കീഴിൽ ഇറങ്ങിയപ്പോൾ തൃശ്ശൂരിന്റെ ഗോൾ വല കാക്കനായി ചേർനിഷോവ് നിയോഗിച്ചത് യുവ ഗോൾകീപ്പറായ കമാലുദ്ധീനെയാണ്.
ആദ്യമായാണ് സൂപ്പർ ലീഗ് കേരളയിൽ നിന്ന് ഒരു താരം ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കേരളത്തിലെ യുവ താരങ്ങൾക് മികച്ച വേദിയൊരുക്കി ദേശീയ തലത്തിലേക്ക് എത്തിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ ആരംഭിച്ച സൂപ്പർ ലീഗ് കേരള, ലീഗിന്റെ രണ്ടാം പതിപ്പിൽ തന്നെ യുവ താരത്തെ ദേശീയ ടീമിലെത്തിക്കാനായി.
” വളരെ അഭിമാനം തോന്നുന്ന ദിവസമാണ് ഇന്ന്. സൂപ്പർ ലീഗ് കേരളയിൽ നിന്ന് ഒരു താരം ദേശീയ ടീമിലെത്തുക എന്ന് പറയുന്നത് സൂപ്പർ ലീഗിന്റെ വിജയമാണ്” സൂപ്പർ ലീഗ് കേരള, മാനേജിങ് ഡയറക്ടർ, ഫിറോസ് മീരാൻ പറഞ്ഞു.
ജ്യേഷ്ഠൻ മുഹമ്മദ് ഷാഫിക്കൊപ്പം പന്തുതട്ടി ഫുട്ബോൾ ലോകത്തേക്ക് ചുവടുവെച്ച കമാലുദ്ധീൻ, എഫ് സി കേരളക്കായും, ഈസ്റ്റ് ബംഗാൾ റിസർവ് ടീമിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. എന്നാൽ സൂപ്പർ ലീഗ് കേരളക്കായി തൃശൂർ മാജിക് എഫ് സി ക്കായി കരാർ ഒപ്പിട്ടതാണ് കമാലുദീന്റെ ഫുട്ബോൾ ജീവിതത്തിൽ വഴിത്തിരിവായത്. സൂപ്പർ ലീഗ് കേരളയിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ അണ്ടർ 23 സാധ്യത പട്ടികയിലേക്കും, അവിടെനിന്ന് മുഖ്യ ടീമിലേക്കും കമാലുദ്ധീന് വഴിയൊരുക്കിയത്.
” എന്റെ എക്കാലത്തെയും സ്വപനമാണ് ദേശീയ ടീമിനായി കളിക്കുക എന്നത്. ഈ അവസരത്തിൽ എന്റെ ക്ലബായ തൃശൂർ മാജിക് എഫ് സിക്കും , സൂപ്പർ ലീഗ് കേരളയോടും ഞാൻ നന്ദി അറിയിക്കുന്നു” കമാലുദ്ധീൻ പറഞ്ഞു.
കമാലുദ്ധീൻ അടങ്ങുന്ന ഇന്ത്യൻ സംഘം, മുഖ്യ പരിശീലകൻ നൗഷാദ് മൂസയുടെ നേതൃത്വത്തിൽ തായ്‌ലാന്റിലേക്ക് തിരിച്ചു.














