അണ്ടർ 23 ഏകദിന ടൂർണ്ണമെൻ്റിൽ കേരളത്തിന് തോല്‍വി

Newsroom

cricket
Download the Fanport app now!
Appstore Badge
Google Play Badge 1

അഹമ്മദാബാദ്: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് മധ്യപ്രദേശിനോട് തോൽവി. ഒൻപത് വിക്കറ്റിനായിരുന്നു മധ്യപ്രദേശിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 26.2 ഓവറിൽ വെറും 65 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് 8.1 ഓവറിൽ ലക്ഷ്യത്തിലെത്തി.

ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് കേരളത്തിന് തിരിച്ചടിയായത്. മധ്യപ്രദേശ് ബൗളർ മംഗേഷ് യാദവിൻ്റെ പ്രകടനമാണ് കേരള ബാറ്റിങ് നിരയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. മംഗേഷിൻ്റെ പന്തിൽ ഒരു റണ്ണെടുത്ത ഒമർ അബൂബക്കർ ക്ലീൻ ബൗൾഡായി. തുടർന്നെത്തിയ കൃഷ്ണനാരായണെ മാധവ് തിവാരി പുറത്താക്കി. അടുത്ത ഓവറിൽ അഭിഷേക് നായരെയും മംഗേഷ് പുറത്താക്കിയതോടെ മൂന്ന് വിക്കറ്റിന് പത്ത് റൺസെന്ന നിലയിലായിരുന്നു കേരളം.

തുടർന്നെത്തിയ ഷോൺ റോജർ, വിജയ് വിശ്വനാഥ്, രോഹൻ നായർ , അഭിജിത് പ്രവീൺ എന്നിവർക്കും പിടിച്ചു നില്ക്കാനായില്ല. ഷോൺ റോജറെ മാധവ് തിവാരി പുറത്താക്കിയപ്പോൾ മറ്റുള്ളവരെല്ലാം മംഗേഷിൻ്റെ ഇരകളായി. പവൻ ശ്രീധറും ആദിത്യ ബൈജുവും ചേർന്ന 17 റൺസ് കൂട്ടുകെട്ടാണ് കേരളത്തിൻ്റെ സ്കോർ 65ൽ എത്തിച്ചത്. കേരള ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത് ഇവർ രണ്ടു പേർ മാത്രമാണ്. 26.2 ഓവറിൽ 65 റൺസിന് കേരളം ഓൾ ഔട്ടായി. മംഗേഷ് യാദവ് ആറും മാധവ് തിവാരി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് അനായാസം ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ ചഞ്ചൽ റാഥോഡ് 39ഉം സോഹം പട്വർധൻ ആറും റൺസുമായി പുറത്താകാതെ നിന്നു. 20 റൺസെടുത്ത സക്ഷം പുരോഹിതിനെ അഭിജിത് പ്രവീൺ പുറത്താക്കി. ഒൻപതാം ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ മധ്യപ്രദേശ് വിജയത്തിലെത്തി.